സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കി പണം തട്ടിയെടുത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്യു ആര്‍ കോഡ് സ്കാനിംഗില്‍ പോലും കണ്ടെത്താന്‍ കഴിയാതിരുന്ന തട്ടിപ്പ്,  ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് വെളിപ്പെട്ടത്.  

തൃശൂര്‍: സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റ് തയ്യാറാക്കി കോപ്പി നല്‍കി പണം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. കടങ്ങോട് ഇയ്യാല്‍ മനക്കുന്നത്തു പ്രജിഷി (40) നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി മാരിയമ്മന്‍ കോവിലിന് സമീപത്തുള്ള ആരോണ്‍ ലോട്ടറി കടയിലാണ് കഴിഞ്ഞ മാസം 21ന് തട്ടിപ്പ് നടന്നത്. കട നടത്തുന്ന ലിജിയാണ് തട്ടിപ്പിന് ഇരയായത്.

ക്യു. ആര്‍. കോഡ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് നടത്തിയ പരിശോധനയില്‍ ടിക്കറ്റിന് 5000 രൂപ സമ്മാനം അടിച്ചതായി കാണിച്ചതോടെ ലിജി പണം നല്‍കി. പിന്നീട് ട്രഷറിയില്‍ ടിക്കറ്റ് നല്‍കിയപ്പോഴാണ് യഥാര്‍ത്ഥ ടിക്കറ്റല്ല കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്ന് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥാപനത്തിലെ നിരീക്ഷണ കാമറയില്‍നിന്ന് തട്ടിപ്പുകാരന്റെ സി.സി.ടിവി ദൃശ്യങ്ങളും കൈമാറ്റം ചെയ്ത ലോട്ടറി ഫോട്ടോസ്റ്റാറ്റും പോലീസിന് കൈമാറി. ഇതെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ ഇതിനു മുന്‍പും വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതായി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്