ഇടുക്കി: പട്ടാപ്പകൽ ടൗണിൽ പാർക്ക് ചെയ്തിരുന്ന ബൊലേറോ ജീപ്പ് മോഷ്ടിക്കാന്‍ ശ്രമം നടത്തിയ പ്രതി പിടിയിലായി. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുഞ്ചിത്തണ്ണി ടൗണിലെ മോഡേൺ ബേക്കറിയുടെ മുന്നിലായിരുന്നു സംഭവം നടന്നത്.

ബേക്കറി ഉടമ മണലേൽ വിജയന്റെ ബൊലോറൊ ജീപ്പാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പഴയ മൂന്നാർ സ്വദേശിയും തോക്കുപാറ ഭാഗത്ത് വെൽഡിംഗ് പണികൾ ചെയ്തു വരുന്നതുമായ മുരുകൻ (45) എന്നയാളാണ് ജീപ്പ് മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

ജീപ്പിനുള്ളിൽ കയറിയ ഇയാൾ സ്റ്റാർട്ട് ചെയ്തു തിരിക്കുന്നതിനിടയിൽ എതിർവശത്ത് പാർക്കു ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് അമിതവേഗത്തിൽ ഓടിച്ചുപോയ ജീപ്പ് ടൗണിലെ കലുങ്കിലിടിച്ചതിനു ശേഷം എതിരെ വന്ന അനീഷ് കുഴിക്കാട്ടിൽ എന്നയാളുടെ ബൈക്കിലും ഇടിച്ചു. വീണ്ടും മുന്നോട്ട് പാഞ്ഞ ജീപ്പ് ടൗണിലെ കുരിശുപള്ളിയുടെ മുൻപിൽ വെച്ച് നെടുംകണ്ടം സ്വദേശി തച്ചേടത്ത്പറമ്പിൽ ജോൺസന്റെ ജീപ്പിലിടിച്ചാണ് നിന്നത്.

ജീപ്പിലുണ്ടായിരുന്ന ജോൺസൺ, ലൗലി എന്നിവർക്ക് നിസ്സാര പരിക്കു പറ്റി. നിയന്ത്രണം വിട്ട ജീപ്പ് പത്തു മീറ്റർ കൂടി സഞ്ചരിച്ചിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നു. അഞ്ച് കടകളും കടത്തിണ്ണയിൽ ഇരുപതിലധികം ആളുകളും നിൽപ്പുണ്ടായിരുന്നു. ജീപ്പ് മോഷ്ടിച്ച മുരുകൻ മദ്യലഹരിയിലായിരുന്നു. ഇയാൾ വിജയന്‍റെ ബൊലേറോ ജീപ്പ് മോഷ്ടിക്കുന്നതിന് മുമ്പ് മൂന്നു കാറുകൾ തുറക്കുന്നതിന് ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.