കട്ടപ്പന: നിര്‍മ്മാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ കഞ്ചാവു വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന നിര്‍മല സിറ്റി കണ്ണംകുളം വീട്ടില്‍ മനു തോമസാണ്(30) അറസ്റ്റിലായത്. കിടപ്പുമുറിയില്‍ ഗ്രോബാഗിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്.

എട്ടു കഞ്ചാവ് ചെടികളാണ് ഇയാളുടെ മുറിയില്‍ നിന്ന് കണ്ടെത്തിയത്. അവിവാഹിതനായ ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഇയാള്‍ വീട്ടില്‍ നിന്ന് പിണക്കി അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കഞ്ചാവ് വളര്‍ത്തുന്നത് അയല്‍വാസികള്‍ കാണാതിരിക്കാന്‍ ജനലുകള്‍ മറച്ചിരുന്നു. ഇലക്ട്രിക് ലൈറ്റുകളാണ് കഞ്ചാവു ചെടികള്‍ക്ക് വെളിച്ചം കിട്ടാനായി ഉപയോഗിച്ചത്. ദിവസങ്ങളായി ഇയാള്‍ എക്സൈസ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.