കോഴിക്കോട് : അനധികൃത മദ്യവിൽപന നടത്തിയതിന് ഒരാളെ മാറാട് പോലീസ് അറസ്റ്റ് ചെയ്തു. അരക്കിണർ കൊട്ടപ്പുറത്ത്, നെല്ലിക്കണ്ടി പറമ്പ്,  മനോഹരൻ (58)  എന്നയാളാണ് മാറാട് പോലീസിന്റെ പിടിയിലായത്. സാഗരസരണി, നടുവട്ടം, വെസ്റ്റ് മാഹി പ്രദേശങ്ങൾ കേന്ദ്രീകരിച്ച്  യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമാക്കി മദ്യവിൽപന നടത്തി വരികയായിരുന്നു ഇയാൾ. 

ഫോൺവിളിക്കനുസരിച്ച് ഇരുപത്തിനാല് മണിക്കൂറും ഇയാൾ മദ്യം  എത്തിച്ചുനൽകാറുണ്ട്. ആവശ്യക്കാർക്ക് പെഗ്ഗ് അളവിലാണ് ഇയാൾ വിൽപനനടത്തിയിരുന്നത്. മാറാട് ബീച്ചിൽ അനധികൃത മദ്യവിൽപന വ്യാപകമാകുന്നുവെന്ന വിവരത്തിന്റ അടിസ്ഥാനത്തിൽ മാറാട് പ്രിൻസിപ്പൽ എസ്. ഐ കെ.എക്സ് തോമസ് നടത്തിയ പരിശോധന യിലാണ് പ്രതി പിടിയിലായത്. 

മാറാട് ബീച്ചിലെ പൊന്നത്ത് ക്ഷേത്രത്തിനടുത്തുള്ള റോഡിൽ ഒരാൾ മദ്യം ഗ്ലാസിൽ അളന്നു വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരം മാറാട് പ്രിൻസിപ്പൽ എസ്.ഐ. കെ. എക്സ് തോമസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  മാറാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അനധികൃതമായി വിൽപനയ്ക്ക് സൂക്ഷിച്ച നാലര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും അളവു പാത്രങ്ങളും പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. സിപിഒ മാരായ സരീഷ് പെരുമ്പുഴകാട് ,സി. അരുൺകുമാർ. എ.പ്രശാന്ത് കുമാർ, ഇ.പി.ജയൻ, ഐ.ടി. വിനോദ്, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.