പനിച്ച് തലകറങ്ങി കിടന്ന യുവതിയെ സഹായവാ​ഗ്ദാനം നൽകി കയറിപ്പിടിച്ചു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

തൃശൂര്‍: ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ യുവതിയെ മാനഹാനി വരുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഇരിങ്ങാലക്കുട ലൂണ ഐ.ടി.സിക്ക് സമീപം താമസിക്കുന്ന അരിക്കാട്ട്പറമ്പില്‍ വീട്ടില്‍ ഹിരേഷി (39) നെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി പനി മൂലം ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലേക്ക് ചികിത്സക്കായി വരുകയായിരുന്നു. ബസ് ഇറങ്ങി ആശുപത്രിയിലേക്ക് നടക്കുമ്പോള്‍ തലകറങ്ങിയതിനെ തുടര്‍ന്ന് യുവതി റോഡരികില്‍നിന്നു.പ്രതി യുവതിയെ കൈയില്‍ പിടിച്ച് താങ്ങി നിര്‍ത്തി സഹായ വാ​ഗ്ദാനം ചെയ്തു. തുടര്‍ന്ന് യുവതിയെ ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ എത്തിച്ച ശേഷം യുവതിയോട് ഒ.പി. ടിക്കറ്റ് എടുത്ത് തരാമെന്നും താന്‍ ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിധരിപ്പിച്ച് മുകളിലെ നിലയില്‍ പോയി വിശ്രമിക്കാന്‍ പറഞ്ഞയച്ചു. യുവതി മുകളിലെ നിലയില്‍ പോയി ബെഡില്‍ കിടന്ന് വിശ്രമിക്കുമ്പോള്‍ പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെക്കുറിച്ച് യാതൊരു വിവരവുംലഭിച്ചിരുന്നില്ല. പരാതിക്കാരി പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കി. ഇത് പ്രകാരം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും ആശുപത്രി ജീവനക്കാരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടുയായിരുന്നു.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. സി.എല്‍. ഷാജു, ഇരിങ്ങാലക്കുട പോലീസ് എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ്, എസ്.ഐ. എം.ആര്‍.കൃഷ്ണപ്രസാദ്, ജി.എസ്.ഐമാരായ മുഹമ്മദ് റാഷി, ജി.എസ്.സി.പി.ഒ. അരുണ്‍ ജിത്ത്, സി.പി.ഒമാരായ ജിജില്‍ കുമാര്‍, ഷാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.