ഹരിപ്പാട്: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യാത്രക്കാരിയുടെ വിഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ആശ്രമം സ്വദേശിയായ സൂരജ് (30) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് കെഎസ്ആര്‍ടിസി ആലപ്പുഴ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയില്‍നിന്ന് കയറിയ യുവതിയുടെ വീഡിയോ അടുത്ത സീറ്റിലിരുന്ന യുവാവ് പകര്‍ത്തി.

ഇതു ശ്രദ്ധയില്‍പെട്ട യുവതി കണ്ടക്ടറോട് പരാതിപ്പെടുകയായിരുന്നു. ബസ് കരുവാറ്റയിലെത്തിയപ്പോള്‍ പട്രോളിങ് നടത്തുന്ന പൊലീസ് ജീപ്പ് കണ്ട് ബസ് നിര്‍ത്തി. കണ്ടക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.  ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.