ആലപ്പുഴ: 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്ന കട ഉടമയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ സക്കറിയാ വാർഡ് പുളിമൂട്ടിൽ മുഹമ്മദ് ഹാരിദി (42)നെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ആലപ്പുഴ ജനറൽ ആശുപത്രിയ്ക്ക് സമീപമുള്ള ഷാ മൊബൈൽ കടയുടമ അജിംഷാണ് പരാതി നൽകിയത്. 

കടയുടമയുടെ വിശ്വസ്തനായി കൂടിയ ശേഷം ഇയാള്‍ കബളിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു എന്നായിരുന്നു അജിംഷായുടെ പരാതി. ലക്ഷദ്വീപിൽ കൊണ്ടുപോയി വിൽപ്പന നടത്താമെന്ന് പറഞ്ഞ് പലഘട്ടങ്ങളിലായി ഫോണുകൾ ഇയാള്‍ കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു.  6000 രൂപ മുതൽ 75,000 രൂപയുടെ ഫോണുകളാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. ഏറെക്കാലമായി ഫോണിന്‍റെ പണം ആവശ്യപ്പെട്ടിട്ടും ഇയാൾ നൽകാൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.