ഹരിപ്പാട്: ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തകഴി തെന്നി കസ്തൂർബാ കോളനിയിൽ വിനോദ്(40) നെയാണ് കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ശിവരാജ് എന്നയാളുടെ പക്കൽ നിന്ന് 20,400രൂപ യാണ് പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.

പനച്ചമൂട് എൽ പി സ്കൂളിന് പടിഞ്ഞാറ് വശം നിർമ്മാണം നടക്കുന്ന വീട്ടിൽ പ്ളമ്പിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന ശിവരാജന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ആണ് പണം മോഷണം പോയത്. ജോലിക്കിടയിൽ അടുക്കള മുറിയിൽ ഊരിയിട്ടിരിക്കുകയായിരുന്നു ഷർട്ട്. ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന പണമായിരുന്നു ഇത്. 

പണം കാണാനില്ലാത്തതിനെ തുടർന്ന് ശിവരാജ് പൊലീസിൽ പരാതി നൽകി. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ മുമ്പ് ബംഗാളികളിൽ നിന്നും ഇതേപോലെ പണം കവർന്നിട്ടുണ്ട്. പ്രതിയെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.