തിരുവനന്തപുരം: ആനത്തലവട്ടം കൊച്ചു പാലത്തിന് സമീപം വീട്ടുജോലി കഴിഞ്ഞ് പോയ സ്ത്രീയുടെ പഴ്സും മാലയും ബൈക്കിലെത്തി കവർന്ന പ്രതി പിടിയിൽ. അഞ്ചുതെങ്ങ് സ്വദേശി സുനിലിന്റെ മകൻ കോക്കാൻ എന്ന് വിളിക്കുന്ന സനലി (22) നെയാണ് പൊലീസ് പിടികൂടിയത്. ആനത്തലവട്ടം സ്വദേശി ലീലയുടെ മാലയും പണവും അടങ്ങിയ പേഴ്സാണ് പ്രതി മോഷ്ടിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ കൊച്ചു പാലത്തിന് സമീപത്തുവച്ച് ആൾപാർപ്പില്ലാത്ത സ്ഥലത്ത് കൂടി ഒറ്റയ്ക്ക് നടന്നു പോകുകയായിരുന്ന ലീലയുടെ പഴ്സും മാലയും ബൈക്കിലെത്തിയ പ്രതി തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ചുതെങ്ങിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, മൊബൈൽ മോഷണം ചെയ്ത കേസിലും ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് സനൽ. 

കടയ്ക്കാവൂർ അഞ്ചുതെങ്ങ് വർക്കല എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലായി അഞ്ചോളം വാറണ്ടുകൾ നിലവിലുണ്ട്. മോഷണ ശേഷം ഒളിവിൽ പോയ പ്രതി മോഷണ സ്വർണം വർക്കലയിലെ ഒരു ജ്വല്ലറിയിൽ വിൽക്കുകയും പകരം സ്വർണം വാങ്ങുകയും ചെയ്ത ശേഷം നാടുവിടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പിടികൂടിയത്.