ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ പട്ടാപ്പകൽ എംടിഎം കൗണ്ടർ തകർത്ത് മോഷണത്തിന് ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എംടിഎം മെക്കാനിക്ക് ആണെന്ന് സമീപത്തെ വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു മോഷണശ്രമം. സംശയം തോന്നിയ വ്യാപാരികൾ ഒടുവിൽ ഇയാളെ പൊലീസിൽ ഏൽപ്പിക്കുന്നത്. ആലപ്പുഴ ചാരുംമൂട് സ്വദേശി ശ്രീകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാവിലെ കണിച്ചുകുളങ്ങര ടൗണിൽ കട തുറക്കാനെത്തിയ വ്യാപാരികൾ ശബ്ദം കേട്ട് എംടിഎം കൗണ്ടറിന് സമീപത്ത് ചെന്നു. ഒരാൾ ഉളിയും ചുറ്റികയും ഉപോഗിച്ച് എംടിഎം കൗണ്ടർ പൊളിക്കുന്നു. സംശയം തോന്നിയ വ്യാപാരികൾ മാരാരിക്കുളം പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ശ്രീകുമാറിനെ പിടികൂടി ചോദ്യംചെയ്തു. തനിക്കൊപ്പം മറ്റ് ചിലർ കൂടി ഉണ്ടെന്നും കേടായ എംടിഎം ശരിയാക്കാൻ ബാങ്ക് ചുമതലപ്പെടുത്തിയെന്നും ആദ്യം പറഞ്ഞു. പിന്നീട് പലവട്ടം മൊഴിമാറ്റി. പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതതോടെ മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസിനു സംശയം തോന്നി. എന്നാൽ എംടിഎം മോഷ്ടാക്കൾ ചെയ്യുന്ന രീതിയിൽ സിസിടിവി ക്യാമറ പേപ്പ‍ർ ഉപയോഗിച്ച് ഇയാൾ മറിച്ചിരുന്നു. മെഷീനിലെ പണം സൂക്ഷിച്ചിരിക്കുന്ന ഭാഗം ഇളക്കിമാറ്റുന്ന രീതിയും നന്നായി അറിയാമെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി. മോഷണക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ്, പ്രതിയെ ആലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.