തിരുവനന്തപുരം: ‌‌‌നെയ്യാറ്റിൻകരയിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടയം ജില്ലയിലെ വൈക്കം മുളക്കുളം സ്വദേശി രാജേഷ് (42) ആണ് നരുവാംമൂട് പൊലീസിന്റെ പിടിയിലായത്. നവംബർ ഒൻപതിനായിരുന്നു സംഭവം.

നെയ്യാറ്റിൻകര നരുവാംമൂട് മൊട്ടമൂട് അയണിയറത്തറ പുത്തൻവീട്ടിൽ ബി അനിൽ കുമാറിന്റെ ഭാര്യ കെ പി ജയശ്രീയുടെയും മകൾ അനുജയുടെയും മാലയാണ് പ്രതി രാജേഷ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർന്നത്. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് 12.30യോടുകൂടി ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ എത്തിയ പ്രതി ബൈക്ക് വീട്ടിലേക്ക് കയറ്റി വയ്ക്കട്ടെ എന്ന് ജയശ്രീയോട് ചോദിച്ചു. വേറെ വാഹനങ്ങള്‍ വരാനുണ്ടെന്നും ബൈക്ക് അകത്ത് കയറ്റാന്‍ സാധിക്കില്ലെന്നും ജയശ്രീ മറുപടി നല്‍കിയതിനെ തുടര്‍ന്ന് പ്രതി മടങ്ങി. എന്നാൽ‌ കുറച്ചു നേരത്തിന് ശേഷം ഇയാൾ വീടിന് പിൻവശത്തുകൂടി അകത്തേക്ക് കയറുകയായിരുന്നു. തുടർന്ന് ബാ​ഗിൽ കരുതിയ തോക്ക് പുറത്തെടുത്ത് ജയശ്രീയെയും മകളെയും ഭീഷണിപ്പെടുത്തി മാലകൾ ഊരി വാങ്ങിക്കുകയായിരുന്നു. ഇവരിൽ നിന്നും ഏഴ് പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രതി കവർന്നത്.

വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കിയാണ് പ്രതി വീട്ടിലെത്തിയത്. ജയശ്രീയുടെയും അനുജുയുടെയും നിലവിളികേട്ട് അയൽക്കാരെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. അനുജയുടെ താലിയും മാലയുടെ ചെറു കഷ്ണവും വീടിന്റെ പരിസരത്തു നിന്നും കിട്ടിയിട്ടുണ്ട്. സംഭവത്തിൽ ജയശ്രീയുടെ പരാതി കേസെടുത്ത പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തിന് സമീപത്തുവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നരുവാമൂട് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ധനപാലന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ ദാസ്, പ്രദീപ് കുമാർ, ഷിജുലാൽ, സന്തോഷ് കുമാർ, എന്നിവർ അടങ്ങുന്ന സംഘം മൂന്ന് ദിവസം ആന്ധ്രാ പ്രദേശിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ പിടി കൂടിയത്.

കവർച്ച നടത്തിയ സ്വർണ്ണാഭരണം കോട്ടയത്തെ ഒരുകടയിൽ വിറ്റതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതിയുടെ കൈയിൽ നിന്നും തോക്കും മറ്റ് സാമഗ്രികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേഷിന്റെ സഹായിയായ ഷാജി ജോണിനെ ഏറ്റുമാനൂരിൽ വച്ചാണ് പൊലീസ് പിടികൂടിയത്. കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.