Asianet News MalayalamAsianet News Malayalam

‘മേക്കോവർ‘ നടത്തിയെങ്കിലും ചതിച്ച് ഇൻസ്റ്റ​ഗ്രാം; വെള്ളിയാഴ്ച പള്ളിയിൽ പോകുന്നവരുടെ കടയിൽ മോഷണം, അറസ്റ്റ്

ഈ മാസം 13 ന് അഴക്കൊടി ക്ഷേത്രത്തിന് സമീപമുള്ള പി എസ് ഓൾഡ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജോലിക്കാർ ഉച്ചയ്ക്ക് പ്രാർത്ഥനക്കായി പളളിയിൽ പോയ സമയം നോക്കി മതിൽ ചാടി അകത്ത് കയറി മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപ മോഷ്ടിച്ചിരുന്നു.

man arrested for theft in shops
Author
First Published Jan 28, 2023, 3:48 AM IST

കോഴിക്കോട്: വെള്ളിയാഴ്ചകളിൽ ജുമാ നിസ്കാരങ്ങളിൽ പോകുന്നവരുടെ കടകളിൽ കയറി മോഷണം നടത്തുന്ന യുവാവിനെ കുടുക്കിയത് ഇൻസ്റ്റഗ്രാം. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ പുത്തൻ വീട്ടിൽ പി വി അബിൻ (26)നെ ആണ് നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് നഗരങ്ങളിൽ വെളളിയാഴ്ച ദിവസങ്ങളിൽ ഉച്ച സമയത്ത് പ്രാർത്ഥനക്ക് വേണ്ടി പള്ളികളിൽ പോകുന്ന ആളുകളുടെ കടകൾ നിരീക്ഷിച്ച് കടയിൽ ആളുകളില്ലെന്ന് ഉറപ്പ് വരുത്തി പണവും വിലപ്പിടിപ്പുള്ള സാധനങ്ങളും അപഹരിക്കുന്നതാണ് യുവാവിന്റെ രീതി.

ഈ മാസം 13 ന് അഴക്കൊടി ക്ഷേത്രത്തിന് സമീപമുള്ള പി എസ് ഓൾഡ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജോലിക്കാർ ഉച്ചയ്ക്ക് പ്രാർത്ഥനക്കായി പളളിയിൽ പോയ സമയം നോക്കി മതിൽ ചാടി അകത്ത് കയറി മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപ മോഷ്ടിച്ചിരുന്നു. മോഷണ സമയത്ത് അവിടെ ഉണ്ടായിരുന്ന സിസിടിവി ശ്രദ്ധയിൽപെട്ടതോടെ പ്രതി ‘മേക്കോവർ‘ നടത്തുകയായിരുന്നു. പൊലീസുകാർ തിരിച്ചറിയാതിരിക്കാൻ നീട്ടിവളർത്തിയ മുടി പൂർണമായും നീക്കം ചെയ്തു.

പൊലീസിന്റെ ലിസ്റ്റിൽ ഉൾപെട്ടെങ്കിലും രൂപമാറ്റം പ്രതിയിലേക്കുള്ള അന്വേഷണത്തിന് തടസമായി. സംശയം തോന്നിയ അന്വേഷണ സംഘം പ്രതിയുടെ ഇൻസ്റ്റാഗ്രാമിൽ നോക്കിയതോടെയാണ് ‘മേക്കോവർ‘ നാടകം പൊളിഞ്ഞത്. നീട്ടിയ മുടിയോടു കൂടിയ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ നിന്ന് കണ്ടതോടെ സിസിടിവി ദൃശ്യം പ്രതിയുടേതാണെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടക്കാവ് പൊലീസ് അബിനെ തന്ത്രപരമായി പിടികൂടുകയായിരുന്നു. മോഷണ സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ വരെ കനോലി കനാലിൽ ഉപേക്ഷിച്ചു തെളിവുകൾ നശിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു.

മുൻപും പല കേസുകളിലും ഉൾപ്പെട്ട ആളാണ് ഇയാൾ. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടക്കാവ് പൊലീസ് സബ് ഇൻസ്പെക്ടറായ എസ് ബി കൈലാസ് നാഥ് , അസിസ്റ്റ്ൻ്റൻ്റ് സബ് ഇൻസ്പെക്ടറായ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, ഹരീഷ് കുമാർ സി, ലെനീഷ് പി എം ജിത്തു.ബബിത്ത് കുറുമണ്ണിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് അയൽവാസികളുടെ മൃതദേഹങ്ങൾ; ചുരുളഴിയുന്നു, കൊലപാതകമോ? നാടിന് നടുക്കം
 

Follow Us:
Download App:
  • android
  • ios