ബത്തേരി, അമ്പലവയല്‍, മീനങ്ങാടി സ്റ്റേഷനുകളില്‍ മോഷണം ഉള്‍പ്പെടെ പത്ത് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

സുല്‍ത്താന്‍ബത്തേരി: ആയിരംകൊല്ലിയില്‍നിന്ന് ആടുകളെ മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. രണ്ടാം പ്രതിയായ അമ്പലവയല്‍ വികാസ് കോളനി സ്വദേശിയായ അച്ചു അഷ്‌റഫ് എന്നയാളെയണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെം​ഗളൂരുവില്‍ നിന്നാണ് അമ്പലവയല്‍ പൊലീസ് ഇയാളെ പിടികൂടിയത്. ഒന്നാം പ്രതി ആയിരംകൊല്ലി സ്വദേശി സാലിഹിനെ നേരത്തെ പിടികൂടിയിരുന്നു. അമ്പലവയല്‍ ആയിരം കൊല്ലി സ്വദേശി വര്‍ഗ്ഗീസിന്റെ ആടുകളെയാണ കഴിഞ്ഞ ജനുവരി നാലിന് പുലര്‍ച്ചെ രണ്ട് മണിയോടെ മോഷ്ടാക്കള്‍ കാറിലെത്തി കടത്തികൊണ്ടു പോയത്.

ഈ ഭാഗത്ത് മോഷണം പതിവായതിനെ തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശപ്രകാരം സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. രണ്ട് പേരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അച്ചു അഷ്‌റഫിനായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ബെം​ഗളൂരുവിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

ബത്തേരി, അമ്പലവയല്‍, മീനങ്ങാടി സ്റ്റേഷനുകളില്‍ മോഷണം ഉള്‍പ്പെടെ പത്ത് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. അമ്പലവയല്‍ എസ്.ഐ. സിബി സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശാന്ത്, ജോജി, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.