ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മെയിൻ സർജിക്കൽ വാർഡിലെ ഗ്ലാസ് തല്ലിപൊട്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണ്ടല്ലൂർ താച്ചയിൽ വീട്ടിൽ പ്രതീഷ് (32) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സ കഴിയുന്ന സുഹൃത്തിനെ കാണാനെത്തിയ പ്രതീഷ് അയാളുമായി പിണങ്ങിയാണ് ഗ്ലാസ് തകർത്തത്. 20,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.

പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ കനകകുന്ന് പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു.