മുത്തങ്ങയിലെ വാഹന പരിശോധനക്കിടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്

സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മാങ്ങാട് സ്വദേശി കൂര്‍ക്കംപറമ്പത്ത് വീട്ടില്‍ കെ.പി മുഹമ്മദ് നാഫിയെ (29) ആണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങയിലെ വാഹന പരിശോധനക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 40 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 

ഇന്നലെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടെ സംശയം തോന്നി യുവാവിനെ ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. തുടര്‍ന്ന് ബത്തേരി സ്‌റ്റേഷനിലെത്തിച്ച ഇയാളെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഐ സി എം സാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബീഷ്, സീത എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

അന്വേഷിച്ചെത്തുന്നത് നിരവധി കുട്ടികളും ചെറുപ്പക്കാരും; രഹസ്യ വിവരം പിന്തുടർന്ന പൊലീസ് ഇടപെടലിൽ കുടുങ്ങി യുവാവ്

കായംകുളത്ത് 4.5 ഗ്രാം എംഡിഎംഎയുമായി യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. എരുവ കണ്ണാട്ട് കിഴക്കതില്‍വീട്ടില്‍ വിജിത് (23) ആണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സജിമോന്റെയും കായംകുളം ഡി.വൈ.എസ്.പി അജയ് നാഥിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കർണാടകയിൽ നിന്നും ട്രെയിൻ വഴി കായംകുളത്ത് എത്തിച്ചശേഷം ചെറിയ പൊതികളാക്കിയാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.

മാസങ്ങളായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നെങ്കിലും ആദ്യമായാണ് വിജിത് പിടിയിലായത്. കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, എരുവ ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ വീട്ടിൽ നിന്ന് ധാരാളം കുട്ടികളും ചെറുപ്പക്കാരും മയക്കുമരുന്ന് വാങ്ങുന്നതായി പരാതിയുണ്ട്. പ്രതിയെ കൂടുതൽ ചോദ്യംചെയ്തതിൽ നിന്നും ബാംഗ്ലൂരിൽ നിന്നും നേരിട്ട് വാങ്ങി കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്ന് വ്യക്തമായി ഗ്രാമിന് മൂവായിരം മുതൽ അയ്യായിരം രൂപയ്ക്കാണ് വിൽക്കുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.