കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്‍റെ വിരോധത്തിൽ യുവാവിനെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്‍റെ വിരോധത്തിൽ യുവാവിനെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരിങ്ങമ്മല സ്വദേശികളായ സച്ചു (26), ഷാജി (40) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഉച്ചക്കടയിൽ ചിക്കൻ സ്റ്റാൾ നടത്തിയിരുന്ന കല്ലിയൂർ പാലപ്പൂര് സ്വദേശി അനിൽകുമാറിന്‍റെ കടയിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഇരുമ്പുകമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അനിൽകുമാറിൽ നിന്ന് പ്രതികൾ 25,000 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 23,000 രൂപ തിരികെ നൽകിയെങ്കിലും ബാക്കിയുള്ള 2,000 രൂപ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.പരിക്കേറ്റ യുവാവിന്‍റെ പരാതിയിൽ കേസെടുത്ത വിഴിഞ്ഞം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
