സഹപാഠികളായ പെൺകുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത പ്രതിയെ റിമാന്‍‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിയെ റിമാന്‍ഡ് ചെയ്തത്.

കൊച്ചി: എറണാകുളം ഭാരത് മാതാ കോളേജില്‍ സഹപാഠികളായ പെൺകുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത പ്രതിയെ റിമാന്‍‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിയെ റിമാന്‍ഡ് ചെയ്തത്. അതിനിടെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് അധികൃതർ രംഗത്തെത്തി. സംഭവം ദൗർഭാഗ്യകരമാണെന്നും കൂടുതൽ വിവരങ്ങൾ അറിയുന്നവർ പൊലീസിനെ അറിയിക്കണമെന്നും കോളേജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒരു പൂർവ്വ വിദ്യാർത്ഥിയാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതെന്നും ഉടൻ പരാതി പൊലീസിന് കൈമാറിയതായും കോളേജ് അധികൃതർ പറയുന്നു.

സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തൃക്കാക്കര എ.സി.പിയാണ് മേൽനോട്ടം വഹിക്കുന്നത്. അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ കൂടുതൽ കണ്ണികൾ തേടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കും. അതേസമയം, കേസില്‍ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ വീണ്ടും സമരമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.