തിരുവനന്തപുരം: വിഴിഞ്ഞത്ത് നാട്ടുകാർ നോക്കിനിൽക്കേ യുവാവിനെ ഒരു സംഘം യുവാക്കൾ പരസ്യമായിട്ട് പാർട്ടി കൊടിമരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഇന്ന് രാവിലെ വിഴിഞ്ഞം തിയറ്റർ ജങ്ഷനിലാണ് സംഭവം. സംഭവം ചോദ്യം ചെയ്ത നാട്ടുകാരെ അക്രമി സംഘം വാളുകൾ കാട്ടി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. 

അരമണിക്കൂറോളം യുവാവിനെ അക്രമി സംഘം കെട്ടിയിട്ട് മർദിച്ചു. സംഭവം അറിഞ്ഞു വിഴിഞ്ഞം പോലീസ് എത്തിയാണ് യുവാവിനെ കെട്ടഴിച്ച് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടുകേസുമായി ബന്ധപ്പെട്ട  കേസിൽ പ്രതിയായ യുവാവിന് നേരെയാണ് ആക്രമണം നടന്നതെന്ന് വിഴിഞ്ഞം പോലീസ് പറയുന്നു.

ലഹരി കടത്ത് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയുടെ യൂണിറ്റ് കമ്മിറ്റിയുടെ മറവിലാണ് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതെന്നും പോലീസ് നിഷ്ക്രിയമായതോടെ തങ്ങളും ഭീതിയിലാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.