ആലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍ . കോഴിക്കോട് വടകര കോഴഞ്ചേരി സ്വദേശി പടിഞ്ഞാറെ വീട്ടില്‍ അഷ്‌റഫ് (35) ആണ് പിടിയിലായത്. വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അമ്പലപ്പുഴ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആദ്യം മുക്കുപണ്ടം പണയം വെയ്ക്കാനായി ഇയാള്‍ ചെന്നെങ്കിലും ശ്രമം പരാജയപ്പെട്ടതോടെ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് പാതിരപ്പള്ളിയിലെ പണമിടപാട് സ്ഥാപനത്തില്‍ പണയം വെയ്ക്കാന്‍ എത്തിയത്. തുടര്‍ന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് പണയം വെയ്ക്കാന്‍ ശ്രമിച്ച മറ്റു പല മുക്കുപണ്ട ആഭരണങ്ങളും പോലീസ് പിടിച്ചെടുത്തു. മറ്റു സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.