ഹരിപ്പാട്:  സൂപ്പർ മാർക്കറ്റിൽ മോഷണം  നടത്തിയ യുവാവിനെ  പിടികൂടി. കണ്ടല്ലൂർ തെക്ക് പൂജാ ഭവനത്തിൽ മോജി ( 39) യെയാണ് പിടികൂടിയത്.  കാർത്തികപ്പള്ളിക്ക്  കിഴക്ക് വശം  തോട്ടുങ്കൽ മിനിമാർട്ടിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. സ്ഥാപനത്തിന്റെ ഉടമ സൈമൺന്റെ സഹോദരനായ തോട്ടുങ്കൽ മംഗലശ്ശേരിൽ ജോൺസൺ (62)ആയിരുന്നു ഈ സമയം കടയിൽ ഉണ്ടായിരുന്നത്.

കടയടക്കുന്നതിനായി കിഴക്കു ഭാഗത്ത് സാധനങ്ങൾ എടുത്തു വെക്കുകയായിരുന്നു ജോൺസൺ.  ഈ സമയം മോജി ജോൺസന്റെ ശ്രദ്ധയിൽപ്പെടാതെ കടയ്ക്കുള്ളിൽ കടക്കുകയും മേശക്കുള്ളിൽ നിന്നും മൂവായിരം രൂപയോളം കൈക്കലാക്കുകയും ചെയ്തു. പുറത്തേക്ക് ഇറങ്ങുമ്പോൾ ഇത് കണ്ട ജോൺസൺ വിവരം തിരക്കിയപ്പോൾ സാധനം വാങ്ങാൻ വന്നതാണ് എന്ന് പറഞ്ഞു. എന്നാൽ ഈ സമയം മേശ തുറന്നു കിടക്കുന്നത് കണ്ടതോടെ മോഷണം നടന്നു എന്ന്  മനസിലായി. തുടർന്ന് ഇവർ തമ്മിൽ പിടിവലി ആയി പ്രതി ജോൺസണെ കമ്പിവേലിയിലേക്ക് തള്ളി വീഴ്ത്തുകയും ചെയ്തു.

ഈ സമയം സൈമണും മറ്റൊരു സഹോദരനും തൊട്ടടുത്ത് ഉള്ള ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നു  ബഹളം കേട്ട് ഇവർ ഓടിയെത്തുകയും മോഷ്ടാവിനെ പിടികൂടുകയും ചെയ്തു. തുടർന്ന് തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്ത് എത്തി. പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പിടിവലിയിൽ ജോൺസണ്‌ നേരിയ പരുക്കുകൾ ഉണ്ടായി. മോജിയുടെ പേരിൽ കനകക്കുന്ന് സ്റ്റേഷനിലും സമാന സംഭവത്തിനു കേസുണ്ട്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.