കോഴികടയിലെ മാലിന്യം പമ്പാനദിയിൽ തള്ളാൻ ശ്രമിച്ച കട ഉടമയും, തൊഴിലാളിയും പൊലീസ് പിടിയിൽ. 

മാന്നാർ : കോഴികടയിലെ മാലിന്യം പമ്പാനദിയിൽ തള്ളാൻ ശ്രമിച്ച കട ഉടമയും, തൊഴിലാളിയും പൊലീസ് പിടിയിൽ. കരുവാറ്റാ വടവല്യത്ത് വീട്ടിൽ സലീം, ഇയാളുടെ കടയിലെ തൊഴിലാളി ഉത്തര്‍പ്രദേശുകാരനായ ജാവൂദ് എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ചെന്നിത്തല പറയങ്കേരി പാലത്തിൽ വച്ചായിരുന്നു ഇവര്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചത്.

പൊലീസ് പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ചെന്നിത്തല പറയങ്കേരി പാലത്തിന് സമീപത്ത് സലീമിന്‍റെ ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ നിർത്തിയിട്ടിരുന്നു. പൊലീസ് ജീപ്പ് ഇവിടെ നിര്‍ത്തിയതോടെ കാര്‍ പറയങ്കേരി പാലത്തിന് വടക്കോട്ടുള്ള റോഡിലൂടെ അമിത വേഗത്തിൽ പോയി. പൊലീസ് പിന്തുടര്‍ന്ന് വാഹനം പിടികൂടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കവറുകളില്‍ നിറച്ചുവച്ചിരിക്കുന്ന കോഴി മാലിന്യം കണ്ടെത്തി. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.