പാട്ട ഭൂമിയില്‍ കൃഷിയിറക്കാമെന്നതും ഇവിടെ തന്നെ താമസിക്കാമെന്നതും മാത്രമാണ് വര്‍ഷങ്ങളായി ഇവിടെയുള്ള ഈ കുടുംബങ്ങളുടെ അവകാശം. എന്നാല്‍ അടുത്ത കാലത്ത് രൂക്ഷമായ വന്യമൃഗശല്യം കൃഷി തകര്‍ക്കാന് തുടങ്ങിയതോടെ കുടുംബങ്ങളുടെ പ്രതീക്ഷകളെയൊന്നാകെ തകിടം മറിച്ചു. 

കല്‍പ്പറ്റ: ഭൂമിയും വീടും ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ ഒന്നുപോലും വിശ്വനാഥന്‍ എന്ന വയനാട്ടിലെ പാട്ടകര്‍ഷകന് ആശ്വാസമേകിയില്ല. പതിറ്റാണ്ടുകളോളം മുളയും കച്ചിയും കൊണ്ട് നിര്‍മിച്ച ഒറ്റ മുറി വീട്ടില്‍ കഴിയേണ്ടി വന്നതും കടബാധ്യതകളും നിമിത്തം പുല്‍പ്പള്ളി പാക്കം കോട്ടവയല്‍ വനഗ്രാമത്തിലെ വിശ്വനാഥന്‍ എന്ന 'ഭൂരഹിത കര്‍ഷകന്‍' കഴിഞ്ഞ നാലിനാണ് വീടിന് സമീപത്തെ വനഭൂമിയില്‍ തൂങ്ങി മരിച്ചത്. ഇദ്ദേഹത്തിന്‍റെ മരണം പോലും പുറം ലോകമറിയാന്‍ ദിവസങ്ങളെടുത്തു. 

കേന്ദ്രസര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ കൃഷി ചെയ്തായിരുന്നു വിശ്വാനാഥനും ഭാര്യയുമടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത്. കൃഷിയില്‍ നിന്നുള്ള വരുമാനവും നിലച്ചതും അടച്ചുറപ്പുള്ള വീട് നിര്‍മിക്കാനാകാത്തതും ഇദ്ദേഹത്തെ ഏറെ നിരാശനാക്കിയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ലൈഫ് ഭവന നിര്‍മാണ പദ്ധതിയില്‍ രണ്ട് തവണ വിശ്വാനാഥനെ ഉള്‍പ്പെടുത്തിയിരുന്നുവെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എന്നാല്‍ വനംവകുപ്പിന്‍റെ തടസ്സവാദമാണ് ഈ 65 കാരന് വീട് ലഭിക്കാതിരിക്കാന്‍ കാരണമായത്. മാത്രമല്ല, കൃഷി ചെയ്യാന്‍ സ്ഥലമില്ലാതെ വെറും അഞ്ച് സെന്‍റ് ഭൂമി വീട് വെക്കാന്‍ മാത്രമായി കിട്ടിയാല്‍ ഏങ്ങനെ ജീവിക്കുമെന്നതും ഇദ്ദേഹത്തെ അലട്ടിയിരുന്നു. 

പാട്ട ഭൂമി വനഭൂമിയായതിനാല്‍ വീട് നിര്‍മാണത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. വിശ്വാനാഥന്‍റെതടക്കം അഞ്ച് കുടുംബങ്ങളാണ് കോട്ടവയല്‍ ഗ്രാമത്തിലുള്ളത്. ജനിച്ചതും വളര്‍ന്നതുമെല്ലാം ഇവിടെയായിട്ടും ഒരു തുണ്ട് ഭൂമി പോലും ഇതു വരെയും ഇവര്‍ക്ക് സ്വന്തമായില്ല. പാട്ട ഭൂമിയില്‍ കൃഷിയിറക്കാമെന്നതും ഇവിടെ തന്നെ താമസിക്കാമെന്നതും മാത്രമാണ് വര്‍ഷങ്ങളായി ഇവിടെയുള്ള ഈ കുടുംബങ്ങളുടെ അവകാശം. എന്നാല്‍ അടുത്ത കാലത്ത് രൂക്ഷമായ വന്യമൃഗശല്യം കൃഷി തകര്‍ക്കാന് തുടങ്ങിയതോടെ കുടുംബങ്ങളുടെ പ്രതീക്ഷകളെയൊന്നാകെ തകിടം മറിച്ചു. 

താമസിക്കുന്നയിടങ്ങളില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞുപോകേണ്ടിവരുമെന്ന ചിന്ത വിശ്വനാഥനെ അലട്ടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വിശ്വനാഥന്‍ കൃഷി ചെയ്തിരുന്ന പത്ത് ഏക്കറില്‍ 1.80 ഏക്കര്‍ കരയും ബാക്കി വയലുമാണ്. കാപ്പി, കവുക്, കുരുമുളക്, ഇഞ്ചി, നെല്ല് എന്നിവയാണ് പ്രധാന കൃഷി. രണ്ട് പെണ്‍മക്കള്‍ക്കും സഹോദരിക്കും ആറ് ഏക്കര്‍ ഭൂമി നല്‍കിയിരുന്നു. എന്നെങ്കിലും ഭൂമിയില്‍ അവകാശം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ഇവര്‍ക്ക്. 

വയനാടന്‍ ചെട്ടി സമുദായത്തിലുള്‍പ്പെടുന്നതിനാല്‍ വനവകാശ നിയമങ്ങളില്‍ ഇവര്‍ ഉള്‍പ്പെടില്ലെന്നറിഞ്ഞിട്ടും കുടുംബങ്ങള്‍ ഇവിടെ തന്നെ തുടരുകയായിരുന്നു. ഇതിനിടെയാണ് ലൈഫ് പദ്ധതിയില്‍ നിന്ന് കൂടി പുറത്തായത്. ഇതോടെ ഇദ്ദേഹം കടുത്ത നിരാശയിലായിരുന്നു. ഒന്നരക്കിലോമീറ്ററിലധികം കാല്‍നടയായാണ് വാഹനമെത്താത്ത കാട്ടുപാതകളിലൂടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം നാട്ടുകാര്‍ ചുമന്ന് പോസ്റ്റുമാര്‍ട്ടത്തിനെത്തിച്ചത്. വിവാഹിതരായ രണ്ട് പെണ്‍മക്കളും കോട്ടവയലില്‍ തന്നെയാണ് താമസം. വിശ്വനാഥന്‍റെ മരണത്തോടെ ഭാര്യ മീനാക്ഷി തനിച്ചായി. ഇവരുടെ ഏക മകന്‍ മുമ്പേ മരിച്ചിരുന്നു.