മലപ്പുറം: തിരൂരിൽ വാഹന പരിശോധനയ്ക്കിടെ  മധ്യവയസ്ക്കനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് പാരാതി. കല്‍പകഞ്ചേരി സ്വദേശി കുഞ്ഞുമുഹമ്മദിനാണ് പൊലീസിന്റെ മർദ്ദനമേറ്റത്. പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയാവശ്യപെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുഞ്ഞുമുഹമ്മദ്.

തിരൂര്‍ ട്രാഫിക് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുഞ്ഞുമുഹമ്മദിന്‍റെ പരാതി. കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു പരാതിയ്ക്ക് ആസ്പദനമായ സംഭവം നടന്നത്. പുത്തനത്താണിയില്‍ നിന്ന് തിരൂരിലേക്ക്  ബൈക്കില്‍ പോവുകയായിരുന്ന തന്നെ വാഹനപരിശോധനക്കായി പൊലീസ് തിരൂര്‍ ടൗണില്‍ തടഞ്ഞു നിര്‍ത്തിയെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു. 

ഹെല്‍മറ്റ് ധരിച്ചിട്ടില്ലാത്തതിനാല്‍ നൂറു രൂപ പിഴ അടക്കാൻ ആവശ്യപെട്ടു. പണം കയ്യിലില്ലാത്തതിനാല്‍ എഴുതി തന്നാല്‍ മതിയെന്നും കോടതിയില്‍ അടച്ചോളാമെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഒരു സിവില്‍ പൊലീസ് ഓഫീസര്‍  ബൈക്കിന്‍റെ പുറകില്‍ കയറി പൊലീസ്റ്റേഷനിലേക്ക് പോകാൻ നിര്‍ദ്ദേശിച്ചു. സ്റ്റേഷനിലെത്തിയതോടെ കൂടുതല്‍ പൊലീസുകാര്‍ എത്തുകയും  അസഭ്യം പറയുകയും ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ച് വലിച്ച് ചുമരിലേക്ക് തള്ളുകയും ചെയ്തു. പിന്നീട് കേസെടുത്ത് ആറ് മണിക്കൂറിനു ശേഷമാണ് വിട്ടയച്ചതെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു.

ഡിജിപിയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തതൊഴിച്ചാല്‍  അന്വേഷണത്തില്‍ പിന്നീട് ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാതാണ് കുഞ്ഞുമുഹമ്മദിനെ ഏറെ വേദനിപ്പിക്കുന്നത്. പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്നുറപ്പായതോടെയാണ് കുഞ്ഞുമുഹമ്മദ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.