കടന്നലുകളുടെ ആക്രമണത്തില്‍ നിന്നും പശുവിനെ  രക്ഷിക്കുന്നതിനിടെ ദാമോദരന്  കുത്തേല്‍ക്കുകയായിരുന്നു. 

കോഴിക്കോട്: കടന്നലിന്‍റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തൂണേരി സ്വദേശി കാണാഞ്ചേരി താഴ കുനിയില്‍ ദാമോദരന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ വീടിനടുത്തുള്ള പറമ്പില്‍ വച്ചാണ് കടന്നല്‍ കുത്തേറ്റത്.

പശുവിനെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് തൊട്ടുത്ത് പുല്ലരിയുകയായിരുന്ന ദാമോദരന്‍ ഓടിയെത്തി. കടന്നലുകളുടെ ആക്രമണത്തില്‍ നിന്നും പശുവിനെ രക്ഷിക്കുന്നതിനിടെ ദാമോദരന് കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

തിങ്കളാഴ്ച്ച ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ കാണാഞ്ചേരി കൃഷ്ണന്‍ വൈദ്യരുടെയും മാതയുടെയും മകനാണ്. ഭാര്യ. അജിത. മക്കള്‍: ദീപേഷ്, ദിവ്യ. സഹോദരങ്ങള്‍ പരേതരായ വാസു, ലക്ഷ്മി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona