ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സ് പിക്ക്അപ്പ് വാനിലിടച്ച് യുവാവ് മരിച്ചു. പിക്ക്അപ്പ് വാൻ ഡ്രൈവർ പുലിയൂർ സ്വദേശി സോമാലയത്തിൽ സോമൻ- ആനന്ദവല്ലി ദമ്പതികളുടെ മകൻ സജിത്ത് (28) ആണ് മരിച്ചത്. സജിത്തിന്റെ കൂടെ പിക്ക്അപ്പ് വാനിലുണ്ടായിരുന്ന ഉദയനാപുരം സ്വദേശി അഭിലാഷിനെ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ബസ്സിലെ 21 യാത്രക്കാരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എംസി റോഡിൽ മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ രാവിലെ ഏഴ് മണിയോടുകൂടിയാണ് അപകടമുണ്ടായത്. മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് നിർത്തിയിട്ടിരുന്ന പിക്ക് അപ്പ് വാനിലേക്ക് ഇടിക്കുകയായിരുന്നു. തലയോലപ്പറമ്പിൽ സ്വകാര്യ കമ്പനിയിലെ ജോലിക്കാരായിരുന്ന സജിത്ത്, അഭിലാഷ് എന്നിവർ കമ്പനി ആവശ്യത്തിനായി പന്തന്തളംഭാഗത്തേക്ക് പോകുകയായിരുന്നു. മുളക്കുഴ പഞ്ചായത്ത് പടിക്കു സമീപം ഇവരുടെ വാഹനം നിർത്തിയിട്ടശേഷം സമീപത്തുനിന്ന ആളിനോട് വഴി ചോദിച്ചു മനസിലാക്കുന്നതിനിടയിലാണ് അപകടം നടന്നത്.

നെയ്യാറ്റിൻകര നിന്നും മൂന്നാറിലേയ്ക്ക് പോയ ബസ് മറ്റൊരു വാഹനത്തെ മറികടന്നാണ് പിക്അപ്പ് വാനിൽ ഇടിച്ചത്. അപകടത്തിൽ വാൻ പൂർണ്ണമായും തകർന്നു. അപകട സ്ഥലത്തു നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സജിത്ത് മരിച്ചത്. ബസ് അമിത വേഗതയിലായിരുന്നു ഓടിയിരുന്നതെന്ന് ബസിലെ യാത്രക്കാർ പറഞ്ഞു.