അധ്യാപകനായ ജോര്‍ജ്ജ് കിണറ്റിലകപ്പെട്ടതോടെ സഹായിക്കാന്‍ നാട്ടുകാരനും സുഹൃത്തുമായ വില്‍സണും കിണറില്‍ ഇറങ്ങുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് കിണറില്‍ ചാടിയ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ അധ്യാപകനും സുഹൃത്തും കിണറ്റിൽ കുടുങ്ങി. കോഴിക്കോട് പേരാമ്പ്രയിലെ കരികണ്ടന്‍പാറ പൂവത്താംകുന്നിലെ ഇല്ലത്ത് ബിജുവിന്റെ വീട്ടുവളപ്പിലെ കിണറിലാണ് ആട് വീണത്. തുടര്‍ന്ന് പ്രദേശവാസിയ അധ്യാപകനായ മറ്റത്തില്‍ ജോര്‍ജ്ജ് രക്ഷാപ്രവര്‍ത്തനത്തിനായി കിണറില്‍ ഇറങ്ങുകയായിരുന്നു. ആടിനെ രക്ഷിച്ച് പുറത്തെത്തിച്ചെങ്കിലും ജോര്‍ജ്ജിന് 35 അടിയോളം ആഴമുള്ള കിണറില്‍ നിന്നും മുകളിലേക്ക് കയറാനായില്ല.

അധ്യാപകനായ ജോര്‍ജ്ജ് കിണറ്റിലകപ്പെട്ടതോടെ സഹായിക്കാന്‍ നാട്ടുകാരനും സുഹൃത്തുമായ വില്‍സണും കിണറില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്കും തിരികേ കയറാനായില്ല. രണ്ടുപേരും കിണറില്‍ അകപ്പെട്ടതോടെ അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയായിരുന്നു. അധികം വൈകാതെ സ്ഥലത്തെത്തിയ പേരാമ്പ്ര അഗ്നിരക്ഷാസേന റെസ്‌ക്യൂ നെറ്റ് ഉള്‍പ്പെടെ ഉപയോഗിച്ച് ഇരുവരെയും കരക്കെത്തിച്ചു. 

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. പ്രദീപന്‍, കെ.എസ് സുജാത് സേനാംഗങ്ങളായ കെ. ശ്രീകാന്ത്, എന്‍.എം ലതീഷ്, പി.ആര്‍ സോജു, അശ്വിന്‍ ഗോവിന്ദ്്, ടി. ബിജീഷ്, ജി.ബി സനല്‍രാജ്, പി.കെ സിജീഷ്, എം.കെ ജിഷാദ്, കെ. അജേഷ്, വി.വിനീത്, ഹോം ഗാര്‍ഡുമാരായ കെ.പി ബാലകൃഷ്ണന്‍, എ.സി അജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Read More : കൊല്ലത്ത് വാടക വീട് വളഞ്ഞ് എക്സൈസ്, പിടികൂടിയത് 1.3 കിലോഗ്രാം കഞ്ചാവ്, പ്രതിയെ കൈയ്യോടെ പൊക്കി!