Asianet News MalayalamAsianet News Malayalam

'കഴുത്തിന് നേരെ കടുവ'; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

കാപ്പുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലെത്തി ജോലിക്കൊരുങ്ങുകയായിരുന്നു രാഹുല്‍. ഈ സമയം സമീപത്ത് നിന്ന് മുരള്‍ച്ച കേട്ടു. പിന്നാലെ കടുവ രാഹുലിന്റെ കഴുത്ത് ലക്ഷ്യമാക്കി ചാടിയെങ്കിലും രാഹുല്‍ മറിഞ്ഞുവീണതിനാല്‍ രക്ഷപ്പെട്ടു.
 

Man escaped from Tiger attack
Author
Edathanattukara, First Published Nov 3, 2021, 7:06 AM IST

എടത്തനാട്ടുകര: എടത്തനാട്ടുകരയില്‍ (Edathanattukara) കടുവയുടെ (Tiger) ആക്രമണത്തില്‍ (Attack) നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. കാടുവെട്ടാനെത്തിയ യുപി സ്വദേശി രാഹുല്‍(Rahul-28) ആണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ജോലി ചെയ്യാന്‍ തുടങ്ങുന്നതിനിടെ രാഹുലിന്റെ കഴുത്തിന് നേരെ കടുവ ചാടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

കാപ്പുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലെത്തി ജോലിക്കൊരുങ്ങുകയായിരുന്നു രാഹുല്‍. ഈ സമയം സമീപത്ത് നിന്ന് മുരള്‍ച്ച കേട്ടു. പിന്നാലെ കടുവ രാഹുലിന്റെ കഴുത്ത് ലക്ഷ്യമാക്കി ചാടിയെങ്കിലും രാഹുല്‍ മറിഞ്ഞുവീണതിനാല്‍ രക്ഷപ്പെട്ടു. കടുവയുടെ നഖം രാഹുലിന്റെ ചെവിയില്‍ തട്ടി പോറലേറ്റു. കാല്‍മുട്ടിലും പരിക്കേറ്റു. പണിയായുധങ്ങളും എട്ട് ലിറ്റര്‍ പെട്രോളും അടങ്ങുന്ന കന്നാസും സൂക്ഷിച്ച ബാഗുമായാണ് കടുവ സ്ഥലം വിട്ടതെന്ന് ഇവര്‍ പറഞ്ഞു.

തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം ശശികുമാറും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഏതുതരം ജീവിയാണ് രാഹുലിനെ ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേ പ്രദേശത്ത് മാസങ്ങള്‍ക്ക് മുമ്പ് ടാപ്പിങ് തൊഴിലാളിക്ക് നേരെയും കടുവയുടെ ആക്രമണമുണ്ടായിരുന്നു.

ഉത്തര്‍പ്രദേശ് കനൗജില്‍ നിന്ന് ഏഴ് വര്‍ഷം മുമ്പ് കേരളത്തിലെത്തിയ രാഹുലിന് ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്. സംഭവത്തിന്റെ മാനസികാഘാതത്തില്‍ നിന്ന് ഇപ്പോഴും പൂര്‍ണമോചിതനായിട്ടില്ല. 20 മീറ്ററോളം അകലെനിന്നാണ് കടുവ ഇയാള്‍ക്കുനേരെ ചാടിയത്. അലറിവിളിച്ച് ഒഴിഞ്ഞുമാറുകയും മെഷീന്‍ ഓണ്‍ആക്കുകയും ചെയ്തതോടെയാണ് കടുവ പിന്മാറിയത്.

കഴിഞ്ഞ ദിവസം എടത്തനാട്ടുകരയുടെ സമീപപ്രദേശമായ മലപ്പുറം കരുവാരകുണ്ടില്‍ ജനവാസ മേഖലയില്‍ കടുവ ഇറങ്ങി കാട്ടുപന്നിയെ വേട്ടയാടിയിരുന്നു. പട്ടാപകല്‍ ആയിരുന്നു സംഭവം. കടുവയിറങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചു.
 

Follow Us:
Download App:
  • android
  • ios