ഇടുക്കി: 10 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഇടുക്കിയില്‍ ഒരാൾ പിടിയിൽ.  മാങ്കുളം - കരിമുണ്ടം സിറ്റിയിൽ നിന്നും കവിതക്കാട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ താമസിക്കുന്ന കളപ്പുരയ്ക്കൽ വീട്ടിൽ രാജു ദേവസ്യയുടെ വീട്ടിൽ നിന്നുമാണ് 10 ലിറ്റർ ചാരായവും, വാറ്റുന്നതിനായുള്ള 200 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടിയത്. 

സംഭവസ്ഥലത്ത് നിന്നും രാജു ദേവസ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആറാം മൈൽ മുപ്പത്തിമൂന്നാം പ്ലോട്ടിൽ താമസിക്കുന്ന ഇലവുങ്കൽ വീട്ടിൽ ലാലിച്ചൻ എന്നറിയപ്പെടുന്ന ജോയി ജോസഫ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇവർ രണ്ടു പേരും കൂടി നാളുകളായി വാറ്റുചാരായം വിൽപ്പന നടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു.

റിസോർട്ടുകളിലും വിനോദ സഞ്ചാരികൾക്കും ഒരു ലിറ്ററിന് ആയിരത്തി ഇരുന്നൂറ് രൂപയ്ക്കാണ് ഇവർ വാറ്റുചാരായം വിൽപ്പന നടത്തിയിരുന്നത്. ചെങ്കുത്തായ മലയിൽ ഒരു മണിക്കൂറിലധികം കയറ്റം കയറി എക്സൈസ് ഷാഡോ സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതികളെ തൊണ്ടി സഹിതം പിടികൂടിയത്. രണ്ടു ദിവസം അടുപ്പിച്ചുള്ള ഡ്രൈഡേയ്ക്കു വേണ്ടിയാണ് ഇവർ ചാരായം വാറ്റിയത്. 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ എസ് അസീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ സി നെബു, കെ എസ് മീരാൻ, ശരത് എസ് പി എന്നിവരും പങ്കെടുത്തു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.