ആരും അറിയാതിരിക്കാന്‍ ആവശ്യമായ മുൻകരുതലൊരുക്കിയാണ് വ്യാജവാറ്റ് കേന്ദ്രം നടത്തിയിരുന്നത്. വാറ്റിന്റെ മണം പുറത്തേക്ക് വരാതിരിക്കാൻ വീടിന്റെ ചുവര് തുളച്ച് നിരവധി പൈപ്പുകൾ സെപ്റ്റിക് ടാങ്കിലേക്ക് നീട്ടിവലിച്ചു.
തൃശ്ശൂർ: വീട് വാടകയ്‌ക്കെടുത്ത് വ്യാജവാറ്റ് (Illegal liqour sale) കേന്ദ്രം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. തൃശൂർ അന്നമനടയ്ക്കടുത്ത് വാറ്റു കേന്ദ്രം നടത്തിയിരുന്ന കാലടി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്രധാന പാതയ്ക്ക് അരികിലായുള്ള വീട്ടിൽ ഇയാൾ വാറ്റുകേന്ദ്രം നടത്തിയത്.
കല്ലൂരിലെ പ്രധാന റോഡിനോടു ചേർന്നുള്ള പഴയ വീട് സുനിൽ കുമാർ വാടകയ്ക്ക് എടുത്തത് രണ്ടു വർഷം മുൻപാണ്. കുടുംബത്തോടൊപ്പം ഇവിടെ തന്നെയാണ് താമസം. രണ്ട് വർഷമായി വീട്ടിൽ വൻതോതിൽ വാറ്റുചാരായം ഉണ്ടാക്കുന്നുണ്ട്. എന്നാൽ അയൽവാസികൾക്ക് പോലും ഇതുവരെ യാതൊരു സംശയത്തിനും ഇട നൽകാതെയായിരുന്നു പ്രവർത്തനം.
ആരും അറിയാതിരിക്കാന്‍ ആവശ്യമായ മുൻകരുതലൊരുക്കിയാണ് വ്യാജവാറ്റ് കേന്ദ്രം നടത്തിയിരുന്നത്. വാറ്റിന്റെ മണം പുറത്തേക്ക് വരാതിരിക്കാൻ വീടിന്റെ ചുവര് തുളച്ച് നിരവധി പൈപ്പുകൾ സെപ്റ്റിക് ടാങ്കിലേക്ക് നീട്ടിവലിച്ചു. ഇടപാടുകാരെ ഒരാളെ പോലും താമസിക്കുന്ന വീട്ടിലേക്ക് സുനിൽകുമാർ അടുപ്പിക്കാറില്ല. ആവശ്യക്കാർക്ക് അങ്ങോട്ട് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് നേരിട്ട് നടത്തിയ പരിശോധനയിലാണ് വൻതോതിൽ വാറ്റ് നിര്‍മിക്കുന്നതായി കണ്ടെത്തിയത്. പരിശോധനാ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വില്‍ക്കാൻ വെച്ചിരുന്ന മൂന്നര ലിറ്റര്‍ വാറ്റ് ചാരായവും 500 ലിറ്ററോളം വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. വാറ്റ് വിതരണത്തിനായി 2 ചാക്ക് നിറയെ പ്ലാസ്റ്റിക് കുപ്പികള്‍ ഇയാള്‍ ശേഖരിച്ചുവച്ചിരുന്നു. വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും വാറ്റ് കേന്ദ്രത്തെ കുറിച്ച് അറിയുന്നത്. റെയ്‌ഡ് വിവരം അറിഞ്ഞ സുനിൽ കുമാർ മുങ്ങി. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ഡി.എഫ്.ഒ ഓഫീസിൽ അതിക്രമിച്ചു കയറി ആത്മഹത്യാ ശ്രമം: പ്രതികളായ നാല് കർഷക നേതാക്കളെയും കോടതി വെറുതെ വിട്ടു
കോഴിക്കോട്: ഡി.എഫ്.ഒ ഓഫീസിൽ അതിക്രമിച്ചു കയറി ആത്മഹത്യാ ശ്രമം നടത്തിയെന്ന കേസില്‍ പ്രതികളായ നാല് കർഷക നേതാക്കളെയും കോടതി വെറുതെ വിട്ടു. 2019 ജൂൺ 27 നു ഉച്ചക്ക് രണ്ടരയോടെ കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ കയറി ആത്മഹത്യാ നടത്തി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയെന്ന നടക്കാവ് പോലീസിനു ഡി.എഫ്.ഒ നൽകിയ പരാതിയിലാണ് നാല് കർഷക നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. നാല് പേരെയും കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു. ജോസ് എന്ന ജോയി കണ്ണഞ്ചിറ, ജിതേഷ് മുതുകാട്, രാജൻ വർക്കി, ജോസഫ് എന്ന സണ്ണി കൊമ്മറ്റം എന്നിവരെയാണു വെറുതെ വിട്ടത്.
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിൽ താമസക്കാരനായ കർഷകൻ കൊമ്മറ്റത്തിൽ സണ്ണി സ്വന്തം കൃഷിയിടത്തിലെ തേക്ക് മരം മുറിച്ച ശേഷം മില്ലിലേക്ക് കൊണ്ടു പോകാനായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ചർക്ക് അപേക്ഷ നൽകിയിരുന്നു.എന്നാൽ ഭൂമിക്ക് പട്ടയമില്ലെന്ന കാരണം പറഞ്ഞു പാസ് നിരസിച്ചു. പ്രശ്നത്തിൽ സംയുക്ത കർഷക സമരസമിതി ഇടപെട്ടു.വലിയ സമരങ്ങൾ നടന്നു. സമിതി പ്രസിഡൻറ് ജിതേഷ് മുതുകാട് നൽകിയ അപേക്ഷ പ്രകാരം അന്നത്തെ കോഴിക്കോട് കലക്ടർ സാംബ ശിവറാവു പ്രശ്നത്തിൽ ഇടപെട്ടു. പല പ്രാവശ്യം കളക്ടറുടെ ചേമ്പറിൽ യോഗം വിളിച്ചെങ്കിലും ഡി.എഫ്.ഒ യോഗത്തിൽ വരാതെ മാറി നിന്നു.
ഡി എഫ് ഒ മന:പൂർവം പങ്കെടുക്കാത്തതിനാൽ തീരുമാനം അനന്തമായി നീളുന്നതിൽ മനം നൊന്ത് കർഷകൻ ഡി.എഫ്.ഒ ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞു മറ്റു നേതാക്കളും പിന്നാലെ കളക്ടറും ഡി.എഫ്.ഒ ഓഫീസിലെത്തുകയുണ്ടായി. കഴുത്തിൽ കുരുക്കിട്ട് പരസ്യമായി ജീവനൊടുക്കാൻ തുനിഞ്ഞ അദ്ദേഹത്തെ കൈകൾ കൂപ്പി യാചനാരുപത്തിൽ അഭ്യർത്ഥന നടത്തിയാണ് കളക്ടർ പിന്തിരിപ്പിച്ചത്. കർഷക പ്രശ്നത്തിനു ഉടൻ പരിഹാരമുണ്ടാക്കാമെന്നു തുടർന്ന് കളക്ടർ വാക്കും നൽകി. പിന്നീടു നടന്ന ചർച്ചയിൽ സംഭവത്തിൽ കേസുകളുണ്ടാവില്ലെന്നു അദ്ദേഹം ഉറപ്പു നൽകിയിട്ടും കർഷക വിരുദ്ധനായ ഡി.എഫ്.ഒ കേസിനു പോകുകയായിരുന്നു. പ്രതികൾക്കു വേണ്ടി അഡ്വ.ഷിബു ജോർജ് കട്ടക്കയം, അഡ്വ.വി.ടി നിഹാൽ, അഡ്വ.പി.പി ഹാഷിഖ് പയ്യോളി എന്നിവർ ഹാജരായി.
