17കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന കേസിൽ 27കാരന് 50 വർഷം കഠിന തടവ്. പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രി അധികൃതർ ചാവക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തൃശൂർ: 17 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 27കാരന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് പുത്തൻ കടപ്പുറം പണിക്കവീട്ടിൽ ജംഷീറിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്‌ജ്‌ എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രി അധികൃതർ ചാവക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് എസ്.ഐ സി കെ രാജേഷ് കേസ് രജിസ്റ്റർ ചെയ്തു. ചാവക്കാട് ഇൻസ്പെക്ട‌ർമാരായ കെ പി ജയപ്രസാദ്, ബോബിൻ മാത്യു, വിപിൻ കെ വേണുഗോപാൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി നിഷ എന്നിവർ ഹാജരായി. കോർട്ട് ലെയ്‌സൺ ഓഫീസർമാരായ എം ആർ സിന്ധു, എ പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിച്ചു.