ആലപ്പുഴ: ദീര്‍ഘകാലം മകളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് ജീവപര്യന്തം തടവ്. ചെങ്ങന്നൂര്‍ സ്വദേശിയായ അമ്പതുകാരനെയാണ് ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷസ് ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യ എയ്ഡ്‍സ് ബാധിതയായി  2012 ല്‍ മരിച്ചിരുന്നു. പ്രതിയും നിരന്തരം പീഡനത്തിനിരയായ മകളും എയ്‍ഡ്‌സ് ബാധിതരാണ്. 

മാതാവ് ജീവിച്ചിരിക്കെ തന്നെ 12 വയസുളളപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ ശാരീരകമായി ചൂഷണം ചെയ്തുവരികയായിരുന്നെന്നാണ് കേസ്. 2013 ന്  ഓഗസ്റ്റ് 30 വരെ ഇത് തുടര്‍ന്നു. പെണ്‍കുട്ടിയില്‍ നിന്ന് വിവരം ലഭിച്ച പ്രദേശവാസിയായ അംഗന്‍വാടി വര്‍ക്കര്‍ കുടുംബശ്രീ ആലപ്പുഴ ജില്ലാ കമ്മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബന്ധപ്പെട്ടതോടെ അന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വൈസ് പ്രിന്‍സിപ്പലായിരുന്ന ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തി. എന്നാല്‍ പ്രതി ഇവരെ തടയുകയായിരുന്നു. ഇതോടെ ചെങ്ങന്നൂര്‍ പോലീസെത്തി മൊഴിരേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

പ്രതി മഹാരാഷ്ട്രയില സ്വകാര്യ കമ്പനിയില്‍  ജോലിക്കാനാരായിരുന്നു. ഇരയായ പെണ്‍കുട്ടിക്ക് പുറമെ ഒരു മകന്‍ കൂടിയുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 376, 376  എഫ് എന്‍ ജുവനൈല്‍ ജസ്റ്റീസ് ആക്ട് 23 വകുപ്പ് പ്രകാരമാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. ഇത് പ്രകാരം ജീവിതാന്ത്യം വരെ തടവില്‍ കഴിയണമെന്ന് വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കൂടാതെ രണ്ടുലക്ഷം രൂപ പിഴയൊടുക്കണം. ഇത് എയ്‍ഡ്‍സ് ബാധിതയായി പ്രത്യേക പരിചരണ കേസില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് നല്‍കണം. ഒപ്പം കേരള വിക്റ്റിംസ് കോമ്പന്‍സേഷന്‍ റൂള്‍സ് പ്രകാരമുള്ള സഹായങ്ങള്‍ ഇരയ്ക്ക് ലഭ്യമാക്കണമെന്ന് കോടതി ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിട്ടിയെ ചുമതലപ്പെടുത്തി.