ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മറ്റൊരാൾ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു
കൊച്ചി: എറണാകുളം നഗര മധ്യത്തിൽ കൊലപാതകം. എറണാകുളം നോർത്തിൽ ഇ എം എസ് സ്മാരക ടൗൺ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മറ്റൊരാൾ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എറണാകുളം നോർത്ത് പൊലീസ് സ്ഥലത്തെത്തി. കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി എഡിസണാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം മുളവുകാട് സ്വദേശി സുരേഷാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇയാൾക്കായി തിരച്ചിൽ തുടങ്ങി.
കാറും ഇരുചക്ര വാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ കളമശേരിയിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചു. കളമശേരി എച്ച് എം ടി കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അനീസിന്‍റെ വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു അതിക്രമം നടന്നത്. രാത്രി ഒരു മണിയോടെ ഗേറ്റ് തള്ളി തുറന്ന മൂന്നംഗ സംഘം ഒരു ദ്രാവകം ഒഴിച്ച് വാഹനങ്ങൾ കത്തിക്കുകയായിരുന്നു. ഇതിന് ശേഷം മൂന്ന് പേരും രക്ഷപ്പെട്ടുവെന്നാണ് പരാതി. കണ്ടാലറിയാവുന്ന അബ്ദുൾ ജലീൽ, ഹാരിസ്, അബ്ദുള്ള എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് മുഹമ്മദ് അനീസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സ്കൂൾ വിട്ട് മടങ്ങിയ കുട്ടിയെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു
ഇടുക്കിയിലെ കുമളിക്ക് സമീപം അട്ടപ്പള്ളത്ത് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു. റോഡ് മുറിച്ചു കടക്കുന്നതിടെയാണ് കുട്ടിയെ സ്കൂട്ടർ ഇടിച്ചത്. കുമളി സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അലോഹ മറിയം അൻറണിക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. സ്കൂട്ടർ ഇടിച്ച് റോഡിൽ വീണ കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്.
