ഭാര്യയെ ഉപദ്രവിക്കുന്നത് വിലക്കിയതിന് പക; ഉറങ്ങിക്കിടക്കുകയായിരുന്ന ബന്ധുവിനെ കൊന്ന കേസില്‍ അറസ്റ്റ്
മത്സ്യബന്ധനം കഴിഞ്ഞ് എത്തി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബർക്കുമാൻസിന്റെ മുഖത്തും തലയിലും ഇടിച്ചും ചവിട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചും ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പറഞ്ഞു വിലക്കിയ വിരോധത്തിൽ ഭാര്യയുടെ മാതൃ സഹോദനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്ക്മൻസിനെ (57) കൊലപ്പെടുത്തിയ പ്രതി വലിയതുറ സ്വദേശി രഞ്ജിത്തിനെയാണ് (34) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 21 നായിരുന്നു സംഭവം. ഭാര്യയുമായി രഞ്ജിത്ത് വഴക്കുണ്ടാക്കിയത് ബർക്കുമൻസ് ചോദ്യം ചെയ്യുകയും പറഞ്ഞു വിലക്കുകയും ചെയ്തിരുന്നു. അതിൽ ബർക്കുമാൻസിനോട് വിരോധം തോന്നിയ പ്രതി മത്സ്യബന്ധനം കഴിഞ്ഞ് എത്തി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബർക്കുമാൻസിന്റെ മുഖത്തും തലയിലും ഇടിച്ചും ചവിട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചും ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പരിക്കേറ്റ്മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ബർക്കുമൻസ് ഈ മാസം 23ന് മരണപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന രഞ്ജിത്തിനെ കാഞ്ഞിരംകുളം പോലീസ് ഇൻസ്‌പെക്ടർ അജിചന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ റോയി, എസ്.സി.പി. ഒ.വിമൽ കുമാർ, വിമൽ രാജ്, ദിൻഷാ എന്നിവരടങ്ങുന്ന സംഘം വലിയ തുറയിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തില്‍ കോവളം വെള്ളാറിൽ ലോഡ്ജിലെ താമസക്കാരായ രണ്ട് പേർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് കഴുത്തിലും കവിളിലും കുത്തേറ്റു. കുത്തിയയാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ വില്ലേജിൽ മുട്ടയ്ക്കാട് വെള്ളാർ നെല്ലിവിള മേലെ തട്ട് വിള വീട്ടിൽ രാജേന്ദ്രനാണ് (52) ഇടത് കവിളിലും കഴുത്തിലും കത്തികൊണ്ട് കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കളിപ്പാൻകുളം മണക്കാട് വലിയപള്ളിക്ക് സമീപം അസ്കർ ഹൗസിൽ നിന്നും വെള്ളാർ മുട്ടയ്ക്കാട് പൂവരശ് വിള പുത്തൻവീട്ടിൽ താമസിക്കുന്ന ഹാജയെ(59) ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെള്ളാറിലെ സിത്താര ലോഡ്ജിലാണ് കത്തിക്കുത്ത് നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ സുഹൃത്തിനെ കാണാൻ പോയതുമായി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...