പ്രതിക്ക് അഞ്ചു വര്‍ഷത്തെ കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 ജൂലായില്‍ കൂളിക്കുന്ന് ജുമാ മസ്ജിദില്‍ വെച്ചാണ് മുന്‍വിരോധം കാരണം പ്രതി അയല്‍ക്കാരനായ റഷീദിനെ അക്രമിച്ചത്.

കാസര്‍കോട്: ആണി തറച്ച മരത്തിന്റെ കഷ്ണം കൊണ്ട് തലക്കടിച്ച് അയല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അഞ്ചു വര്‍ഷത്തെ കഠിന തടവിനും അര ലക്ഷം പിഴയുമടക്കാന്‍ ശിക്ഷിച്ചു. ബാര കൂളികുന്ന് മീത്തല്‍ മാങ്ങാട്ടിലെ എം. ഹബീബിനെയാണ് (44) ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സാനു എസ്. പണിക്കറാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. 2022 ജൂലായ് പത്തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ എട്ടരയോടെ കൂളിക്കുന്ന് മുഹിയുദിന്‍ ജുമാ മസ്ജിദില്‍ വെച്ചാണ് പ്രതി അയല്‍ക്കാരനായ റഷീദിനെ (42) അക്രമിക്കുന്നത്.

മുന്‍വിരോധത്താല്‍ അക്രമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഗുരുതരമായ പരിക്കേറ്റ റഷീദ് ആദ്യം മംഗളൂരിവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് തുടര്‍ചികിത്സക്കായി കൊണ്ട് വരവേ മാര്‍ഗ മദ്ധ്യേ മരണപ്പെട്ടു. മേല്‍പറമ്പ് പോലീസെടുത്ത കേസില്‍ അന്നത്തെ ഇന്‍സ്‌പെക്ടറായിരുന്ന ഉത്തംദാസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസീക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. വേണുഗോപാലന്‍ ഹാജരായി.