മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരികെ വരാതിരുന്നതോടെ യുവതി പരിഭ്രാന്തിയിലായി. നാട്ടുകാരാണ് നെടുങ്കണ്ടം പൊലീസിനെ വിവരം അറിയിച്ചത്. 

നെടുങ്കണ്ടം: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മണിക്കൂറുകള്‍ റോഡരികിൽ നിന്ന യുവതിയെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കടം ടൗണിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ തൂക്കുപാലത്തിന് സമീപമുള്ള തോട്ടത്തില്‍ രണ്ടാഴ്ച മുമ്പാണ് ജോലിക്കായി എത്തിയത്. 

മിക്കപ്പോഴും മദ്യലഹരിയിലായിരുന്ന ഭര്‍ത്താവുമായി ഭാര്യ നിരന്തരം കലഹമായതോടെ തോഴിലുടമ ബുധനാഴ്ച ഇവരെ പറഞ്ഞുവിട്ടു. രാവിലെ 11 മണിയോടെ തൂക്കുപാലം ടൗണിലെത്തിയ ദമ്പതിമാര്‍ റോഡരികില്‍ നിന്ന് വഴക്കുണ്ടാക്കി. ഇതോടെ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ച് വാഹനത്തില്‍ കയറി പോയി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരികെ വരാതിരുന്നതോടെ യുവതി പരിഭ്രാന്തിയിലായി. നാട്ടുകാരാണ് നെടുങ്കണ്ടം പൊലീസിനെ വിവരം അറിയിച്ചത്.

നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനുവിന്റെ നിര്‍ദേശത്തെ തുടർന്ന് പൊലീസ് സംഘം യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോൺ സ്വിച്ച് ഓഫാണ്. ഇയാളെകുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. പൊലീസ് മധ്യപ്രദേശിലുള്ള യുവതിയുടെ അമ്മയുമായി ബന്ധപ്പെട്ടു. യുവതിയെ കൂട്ടിക്കൊണ്ടുപോവാനായി അമ്മ എത്തുന്നതുവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

യമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷ പ്രിയയുടെ അമ്മയും മകളും; തലാലിന്‍റെ കുടുംബത്തോട് മാപ്പപേക്ഷിക്കും

കാസര്‍കോട്: വധശിക്ഷ വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ (Nimisha priya) കാണാന്‍ അമ്മയും മകളും. ഇവര്‍ അടക്കമുള്ള സംഘത്തിന് യമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. മരിച്ച തലാലിന്‍റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാലുപേരും അപേക്ഷ നല്‍കിയിട്ടുണ്ട്. വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങള്‍ എന്ന നിലയിലാണ് സംഘം യമനിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. 

യമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയാല്‍ ജയിലില്‍ നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്കും മകള്‍ക്കും അവസരം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ചത് പാളിച്ചയാണെന്നും മരിച്ച തലാലിന്‍റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ആഴ്ച്ച നിമിഷ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു. തുടര്‍ന്ന് ജീവിക്കാന്‍ പറ്റുമോ, ദയവുണ്ടാകുമോ എന്നുള്ള ആശങ്കകളും ആക്ഷന്‍ കൗണ്‍സിലിന് അയച്ച കത്തില്‍ നിമിഷ പങ്കുവയ്ക്കുന്നു. അമ്മയും മകളും അടക്കമുള്ള സംഘത്തെ എത്രയും വേഗം യമനിലെത്തിച്ച് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആക്ഷന്‍ കൗണ്‍സില്‍.