വീടിന് അടുത്ത് പോലും പരിശോധന വേണ്ടെന്ന് പലരും ശഠിക്കുന്നതിനിടെയാണ് അഷ്‌റഫ് തന്റെ തറവാട് അധികൃതര്‍ക്ക് കൈമാറിയത്. 

കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് പരിശോധന കേന്ദ്രമൊരുക്കാന്‍ വീട് വിട്ടുനല്‍കി ഗൃഹനാഥന്‍. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ നാലാംവാര്‍ഡില്‍ താമസിക്കുന്ന വെങ്ങണ കണ്ടി അഷ്‌റഫാണ് പരിശോധന കേന്ദ്രം ഒരുക്കുന്നതിനായി വൃത്തിയും സൗകര്യവും ഉള്ള വീട് വിട്ടുനല്‍കിയത്. 

കമ്മ്യൂണിറ്റി ഹാളോ മറ്റു പൊതുഇടങ്ങളോ ഇല്ലാത്തതിനാല്‍ പരിശോധന സംവിധാനമൊരുക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. വീടിന് അടുത്ത് പോലും പരിശോധന വേണ്ടെന്ന് പലരും ശഠിക്കുന്നതിനിടെയാണ് അഷ്‌റഫ് തന്റെ തറവാട് അധികൃതര്‍ക്ക് കൈമാറിയത്. പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളില്‍ തുടര്‍ച്ചയായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ രണ്ട് വാര്‍ഡുകളിലെയും മുഴുവന്‍ കുടുംബങ്ങളെയും പരിശോധനക്ക് വിധേയമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. 

കഴിഞ്ഞ ദിവസങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ജാഗ്രത സമിതി വീടുതോറും എത്തി സര്‍വ്വെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ അഞ്ചാം വാര്‍ഡിലെ മക്കോട്ട് കുന്നില്‍ 101 പേരെ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് നാലാം വാര്‍ഡിലെ പുതുശേരിക്കടവില്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അഷ്‌റഫിന്റെ വീട് കൈമാറിയത്. 

വാര്‍ഡിലെ മുഴുവന്‍ ആളുകളെയും താല്‍ക്കാലികമായി സജ്ജീകരിച്ച കേന്ദ്രത്തില്‍ പരിശോധനക്ക് വിധേയമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ജി. സജേഷ്, സിന്ധു പുറത്തൂട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, ജെ.എച്ച്.ഐ. ചാര്‍ളി, അനുരാധ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.