ഓഖ-എറണാകുളം എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ബെഡ് റോള്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ നന്‍ഹക്കു ബങ്കേലാലിനെയാണ് പോക്‌സോ വകുപ്പ് ചുമത്തി കോഴിക്കോട് റെയില്‍വേ പോലീസ് പിടികൂടിയത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് എറണാകുളത്ത് വെച്ച് ഇയാളെ പിടികൂടിയത്.

കോഴിക്കോട്: ഓഖ-എറണാകുളം എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി നന്‍ഹക്കു ബങ്കേലാലി(30)നെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരനാണ്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാനായി പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി. ഈ സമയത്ത് കുട്ടിയുടെ അടുത്ത് വന്നിരുന്ന പ്രതി മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടി ഈ വിവരം പറഞ്ഞു. ഉടന്‍ തന്നെ റെയില്‍വേ പോലീസില്‍ പരാതി നല്‍കി. കോഴിക്കോട്ട് വച്ച് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് എറണാകുളത്ത് വെച്ചാണ് നന്‍ഹക്കുവിനെ പിടികൂടിയത്. കോഴിക്കോട് റെയില്‍വേ പോലീസ് എസ്‌ഐ സി.പ്രദീപ് കുമാര്‍, എഎസ്‌ഐമാരായ ഷമീര്‍, സുനീഷ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജാനി, രന്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.