താമരക്കുളം കണ്ണനാകുഴിയിൽ വീട്ടമ്മയായ തുളസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജെറിൻ രാജുവിന് മാവേലിക്കര കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. മോഷണശ്രമത്തിനിടെയാണ് പ്രതി തുളസിയെ സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്.

മാവേലിക്കര: താമരക്കുളം കണ്ണനാകുഴിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. താമരക്കുളം കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ തുളസിയെ (48) കൊലപ്പെടുത്തിയ കേസിൽ കറ്റാനം വെട്ടിക്കോട് മോളയ്യത്തു പുത്തൻ വീട്ടിൽ ജെറിൻ രാജു (27) വിനെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്. കൊലപാതകത്തിന് (ഐപിസി 302) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി കഠിനതടവ് അനുഭവിക്കണം. കൂടാതെ ഐപിസി 392 പ്രകാരം 10 വർഷം കഠിനതടവ്, 10,000 രൂപ പിഴ, ഐപിസി 201 പ്രകാരം ഏഴ് വർഷം കഠിനതടവ്, 5,000 രൂപ പിഴ, ഐപിസി 461 പ്രകാരം രണ്ട് വർഷം കഠിനതടവ്, 2,000 രൂപ പിഴ എന്നിങ്ങനെയാണ് മറ്റു ശിക്ഷകൾ. കാലാവധി നിശ്ചയിച്ചിട്ടുള്ള ശിക്ഷകൾ ഒരേ സമയം അനുഭവിച്ചാൽ മതിയാകും. പിഴത്തുക കൊല്ലപ്പെട്ട തുളസിയുടെ ഭർത്താവിനും മക്കൾക്കും തുല്യമായി നൽകണം.

2018 സെപ്റ്റംബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്കും ഭർത്താവിനൊപ്പം താമസിക്കുന്ന തുളസിയുടെ വീട്ടിൽ പ്രതി മോഷ്ടിക്കാനാണ് എത്തിയത്. അലമാരയിലെ ലോക്കറിന് സമീപം സൂക്ഷിച്ചിരുന്ന 10800 രൂപ ഇയാൾ മോഷ്ടിച്ചു. ഇത് കണ്ടുകൊണ്ട് മുറിയിലേക്ക് വന്ന തുളസി പ്രതിയെ തടയാൻ ശ്രമിച്ചു. തുടർന്ന് പ്രതി തുളസിയെ ആക്രമിക്കുകയും അബോധാവസ്ഥയിലായ ഇവരുടെ കഴുത്തിൽ സാരി ചുറ്റിമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. വള്ളികുന്നം എസ്ഐ ആയിരുന്ന എം സി അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ ഡോ. അനീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ ഹാജരായി.