തൃശൂർ അമല ആശുപത്രിയിൽ യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ നടത്തിയ 30 മണിക്കൂർ നീണ്ട ഉപരോധ സമരം അവസാനിച്ചു. യാതൊരു ധാരണയും ഉണ്ടായിട്ടില്ലെന്നാണ് മാനേജ്മെന്‍റ്  അറിയിച്ചത്.

തൃശൂർ: അമല ആശുപ്രതിയിൽ യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ നടത്തിയ ഉപരോധ സമരം ഏകദേശം 30 മണിക്കൂറിന് ശേഷം അവസാനിച്ചു. ജൂലൈ 16ന് രാവിലെ 10 മണിയോടെയാണ് 500ൽ അധികം യുഎൻഎ പ്രവർത്തകർ ആശുപത്രിയുടെ പ്രധാന കവാടത്തിലും വരാന്തയിലും ഉപരോധം ആരംഭിച്ചത്. സമരത്തിനിടെ ആശുപത്രി മാനേജ്മെന്‍റും യുഎൻഎ നേതൃത്വവും തമ്മിൽ യാതൊരു ധാരണയോ ഒത്തുതീർപ്പോ ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഉപരോധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റ് പുതിയ വാഗ്ദാനങ്ങളോ തീരുമാനങ്ങളോ എടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. ഇതിനിടെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളും രോഗീപരിചരണ സേവനങ്ങളും തടസപ്പെടുത്തിയതായി കാണിച്ച് ആശുപത്രി അധികൃതര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും അധികൃതർ വ്യക്തമാക്കി.

തുടർന്ന് ആശുപതിയുടെ പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനും രോഗികൾക്കും ജീവനക്കാർക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള ഹൈക്കോടതിയെ സമീപിച്ച് അടിയന്തര പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി ആവശ്യമായ പൊലീസ് സഹായം നൽകാൻ ഉത്തരവിട്ടതായും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്‍റെ വിവരം തൃശൂർ ജില്ലാ കളക്ടർ, ജില്ലാ ലേബർ ഓഫീസർ, പേരാമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ, മറ്റ് ജില്ലാ പൊലീസ് ഉദ്യോഗസ്ഥർ, യുഎൻഎ ഭാരവാഹികൾ എന്നിവരെ അറിയിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികളും കോടതി ഉത്തരവിന്‍റെ തുടർനടപടികളും ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലാണെന്ന് ആശുപ്രതി അധികൃതര്‍ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.