വിളപ്പില്‍ശാല സ്‌റ്റേഷന്‍ പരിധിയില്‍ താമസിച്ച് വന്നിരുന്ന കോട്ടയം സ്വദേശിയായ വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പ്രതിയെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തിരുവല്ല കുറവന്‍കുഴി സ്വദേശി അഭിലാഷ് ചന്ദ്രന്‍ (40) ആണ് പൊലീസ് പിടിയിലായത്. വിളപ്പില്‍ശാല സ്‌റ്റേഷന്‍ പരിധിയില്‍ താമസിച്ച് വന്നിരുന്ന കോട്ടയം സ്വദേശിയായ വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

ഭാര്യയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു എന്നും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ആണെന്നും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചാണ് അഭിലാഷ് പീഡനം നടത്തിയത്. തന്നെയും മക്കളെയും നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് യുവതി വാടകയ്‌ക്കെടുത്ത വീട്ടില്‍ ഒരുമിച്ച് താമസിച്ച പ്രതി യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അസഭ്യം പറയുകയും പതിവായിരുന്നു. പിന്നീട് എറണാകുളം വിജിലന്‍സ് ഓഫിസിലേക്ക് ട്രാന്‍സ്ഫര്‍ ആയി എന്ന് പറഞ്ഞ് യുവതിയെയും കുട്ടികളെയും ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തിരുവല്ല പുല്ലാട് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ നിരവധി ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചും വിവരങ്ങള്‍ ശേഖരിച്ചും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.