വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും അലമാരകള്‍ കുത്തിത്തുറന്ന് 19 പവനോളം സ്വര്‍ണ്ണവും അക്രമി സംഘം കൈക്കലാക്കി. 

കൊല്ലം: കൊല്ലം കുണ്ടറയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ കെട്ടിയിട്ട ശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് മുഖംമൂടിധരിച്ചെത്തിയ അഞ്ചംഗ സംഘം ആയുധങ്ങളുമായി എത്തി മോഷണം നടത്തിയത്. കുണ്ടറ സ്വദേശിയായ ജയചന്ദ്രന്‍റെ വീട്ടിലാണ് സംഘം അതിക്രമിച്ച് കയറി വീട്ടുകാരെ മര്‍ദ്ദിച്ച ശേഷം കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.

ചിട്ടിയും പണമിടപാടും നടത്തുന്ന ജയചന്ദ്രന്‍റെ വീട്ടില്‍ നിന്നും 19 പവനും 2 ലക്ഷം രൂപയുമാണ് കൊള്ള സംഘം കവര്‍ന്നത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ജയചന്ദ്രനെയും സഹോദരി അമ്പിളിയേയും മര്‍ദ്ദിച്ചവശരാക്കിയ ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. ചിട്ടിയുടെ പിരിവ് കഴിഞ്ഞ് ജയചന്ദ്രന്‍ വീട്ടിലെത്തിയ നേരം നോക്കിയാണ് അക്രമി സംഘമെത്തിയത്.

ടിവിയുടെ ശബ്ദം കൂട്ടിവച്ച് അക്രമികള്‍ ജയചന്ദ്രനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം പണം ആവശ്യപ്പെട്ടു. നാല് ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും അലമാരകള്‍ കുത്തിത്തുറന്ന് 19 പവനോളം സ്വര്‍ണ്ണവും അക്രമി സംഘം കൈക്കലാക്കി. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ച് വാങ്ങിയ ശേഷം വീട് പുറത്തുനിന്നും പൂട്ടി രക്ഷപ്പെടുകയായിരുന്നു. 

പിന്നീട് കെട്ടുകളഴിച്ച് വീടിന്‍റെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. അക്രമികളെല്ലാം മലയാളികളാണെന്നും ജയചന്ദ്രന്‍റെ പക്കല്‍ പണമുണ്ടെന്ന് അറിയുന്നവരാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona