കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക മാർഗം. ഇതിന് 35 ലക്ഷം രൂപ ചെലവ് വരും. കരള്‍ ദാനം ചെയ്യാന്‍ തയ്യാറായി ആളെ ലഭിച്ചെങ്കിലും ഈ തുക കണ്ടെത്താൻ നിവൃത്തിയില്ലാതെ ഉഴറുകയാണ് കുടുംബം

കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ചു കരൾ തകരാറിലായി കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ കഴിയുന്ന യുവാവ് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഏറ്റുമാനൂർ തെള്ളകം കൈതകുളങ്ങര പരേതനായ സി എം മാത്യൂ - റോസമ്മ ദമ്പതികളുടെ മകൻ സാജൻ മാത്യൂ (39) ആണ് മഞ്ഞപ്പിത്തം മൂർച്‍ഛിച്ചതിനെ തുടർന്നു കരൾ പ്രവർത്തനരഹിതമായി ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടുന്നത്. 

വിദഗ്ധ ചികിത്സക്കായി ഇതിനകം ലക്ഷങ്ങൾ ചെലവഴിച്ചു കഴിഞ്ഞ കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതുമൂലം ചികിത്സ തുടരാൻ കഴിയാത്ത അവസ്ഥയിലാണ്. കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക മാർഗം. കരള്‍ ദാനം ചെയ്യാന്‍ ആളെ ലഭിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്കും മറ്റുമായി 35 ലക്ഷം രൂപയോളം ചെലവ് വരും. ഈ തുക കണ്ടെത്താൻ കുടുംബത്തിനു നിവൃത്തിയില്ല. 

കുടുംബത്തിന് കൈത്താങ്ങുമായി ആദ്യം തന്നെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ഏറ്റുമാനൂര്‍ നഗരസഭ കുടുംബത്തിന് താങ്ങായെത്തി. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ച് ലക്ഷം രൂപയോളം സമാഹരിച്ചു. സാജന്‍റെ സഹപ്രവര്‍ത്തകരും മറ്റും രണ്ട് ലക്ഷം രൂപ കൂടി നല്‍കിയെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള പണത്തിലേക്കുള്ള ദൂരം ഇനിയും ഏറെ അകലെയാണ്.

മാത്രമല്ല ഗുരുതര നിലയിൽ കഴിയുന്ന സാജന് ദിവസവും നല്ലൊരു തുക ചികിത്സയ്ക്കായും വേണം. ഭാര്യ ബെറ്റ്‍സിയും രണ്ട് കുട്ടികളും മാതാവും സാജന്റെ ജീവൻ നിലനിർത്താനായി സുമനസുകളുടെ സഹായം തേടുകയാണ്. ഏറ്റുമാനൂര്‍ നഗരസഭ നേരിട്ടാണ് കുടുംബത്തിനുള്ള ധനസമാഹരണം നടത്തുന്നത്.

ചികിത്സയ്ക്ക് സഹായം സ്വരൂപിക്കുന്നതിനായി കോട്ടയം ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 6346228849. പേര് Sajan Mathew. ഐഎഫ്എസ്‌സി കോഡ്– IDIB000K050. ഫോണ്‍ 9400539743 (ജോര്‍ജ്ജ് പുല്ലാട്ട്, ചെയര്‍മാന്‍, ഏറ്റുമാനൂര്‍ നഗരസഭ)