ആലപ്പുഴ: കൊവിഡ് കാലത്തും വെയിലും മഴയും കൊണ്ട് തന്‍റെ പ്രായം മറന്ന് ശശിധരൻ നായർ കുട്ടി കുപ്പായ ശേഖരവുമായി അലഞ്ഞുതിരിയുകയാണ്, അന്നന്നത്തെ അന്നം കണ്ടെത്താനായി. ആലപ്പുഴ നഗരത്തിലെ കറുകയിൽ വാർഡിൽ രാധ നിവാസിലെ ശശിധരൻ നായർ ചെറു തുണിത്തരങ്ങളുമായി നഗരത്തിലെ പാതയോരം പിന്നിടാൻ തുടങ്ങിയിട്ട്  നാൽപ്പത്തിരണ്ട് വർഷം പിന്നിട്ടു.  ചുമലിലെ ബാഗിലും ഇരു കൈകളിലും നിറയെ കുട്ടി കുപ്പായങ്ങളും ഒതൂക്കി ആവശ്യക്കാരെ തേടി ശശിധരൻ നായർ പട്ടണത്തിലെ ഓരോ കോണിലും അലച്ചിൽ തുടരുന്നു. എന്നാല്‍ രാത്രി കയറിക്കിടക്കാന്‍ ശ്രീധരന് ഒരിടമില്ല.

ആലപ്പുഴ നഗരം കേന്ദ്രീകരിച്ച്  കുട്ടികുപ്പാങ്ങളുടെ വിൽപ്പന നടത്തുന്ന മറ്റാരാളെ കണ്ടെത്താൻ പ്രയാസമാണ്. തിരുവനന്തപുരം സ്വദേശിയായ ശശിധരൻ നായർ ഒൻപതാം വയസിൽ പഠനം ഉപേക്ഷിച്ച് ആലപ്പുഴയിലേക്ക് വണ്ടി കയറുകയായിരുന്നു. വീട്ടിലെ പ്രാരാബ്ധങ്ങളായിരുന്നു ശശിധരൻ നായരെ നാടുവിടാൻ പ്രേരിപ്പിച്ചത്. അങ്ങനെ ആലപ്പുഴയുടെ മണ്ണിൽ ജീവിതത്തിന്റെ വിത്തുകൾ നട്ടുനനച്ച് ശശിധരൻ നായർ കാത്തിരുന്നു. ഇതിനിടയിൽ അഷ്ഠിക്ക് വക കണ്ടെത്താൻ വിവിധ ജോലികൾ ചെയ്തു. ഒന്നും ക്ലച്ച് പിടിച്ചില്ല, ഒടുവിൽ പതിനെട്ടാമത്തെ വയസിൽ തുണി കടകളിൽ നിന്നും കുറഞ്ഞ രീതിയിൽ തുണിത്തരങ്ങൾ വാങ്ങി പാതവക്കത്തും, ഉത്സവ പറമ്പുകളിലും, വീടുകളിലും കാൽനടയായി സഞ്ചരിച്ച് തുണിത്തരങ്ങൾ വില്പന നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തി.  

തുടക്കത്തിൽ പതിനഞ്ച് കിലോമീറ്ററോളം നടന്ന് തുണികൾ വിറ്റ ശശിധരൻ നായർക്ക് പ്രായാധിക്യത്തിന്റെ അവശതകൾ വേട്ടയാടുന്നതിനാൽ ഇപ്പോൾ അധിക നടത്തത്തിന് മനസുണ്ടെങ്കിലും ശരീരം വഴങ്ങുന്നില്ല. എങ്കിലും അറുപതാം വയസിലും തനിക്ക് എത്താൻ പറ്റുന്ന ഇടങ്ങളിലെല്ലാം താൻ ശേഖരിച്ച കുട്ടി കപ്പായങ്ങളുമായി ശശിധരൻ നായർ എത്തുന്നുണ്ട്. തുണി കച്ചവടത്തിന്റെ വിൽപ്പന രീതികൾ ആകെ മാറിയത് ശശിധരന് വെല്ലുവിളിയാണ്. 

കൊവിഡ് കാലമായതിനാൽ രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന നടത്തം മാത്രം മിച്ചമായി കിട്ടുന്നുവെന്ന് ശശിധരൻ നായർ വേദനയോടെ പറയുന്നു.  ശശിധരൻ നായർ രാധാമണി ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. രണ്ട് പെണ്ണും ഒരാണും. ഉള്ള രണ്ട് സെന്റ് സ്ഥലത്തുണ്ടായിരുന്ന കിടപ്പാടം വിറ്റിട്ടാണ് രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുത്തത്. ഇപ്പോൾ വാടക വീട്ടിലാണ് താമസമെങ്കിലും വാടക കൃത്യമായി കൊടുക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. 

സുമനസ്സുകളുടെ സഹായത്താൽ മൂന്ന് സെൻറ് സ്ഥലം ശശിധരന് കിട്ടിയിട്ടുണ്ട്. അവിടെ ഒരു ഷെഡ്ഡ്  ഏങ്കിലും തല്ലി കൂട്ടി കിടക്കണമെന്നാണ് ശശ്ശിധരന്റെ ആഗ്രഹം. തന്നെ കണ്ടുമുട്ടുന്ന സുഹൃത്തുക്കളോട് ഈ വിവരം പറഞ്ഞാണ് ശശിധരൻ സംസാരിച്ച് തുടങ്ങുന്നത്. തന്റെ ജീവിത പ്രാരാബ്ധങ്ങൾ കണ്ടറിഞ്ഞ് എതെങ്കിലും സുമനസ്സുകൾ എത്തുമെന്ന് ആശ്വസിച്ച് ശശിധരൻ നായർ തന്‍റെ കാൽനടയാത്ര തുടരുകയാണ്, കുട്ടി കുപ്പായവും കൈകളിലേന്തി. ശശിധരന്‍റെ ഫോണ്‍ നമ്പര്‍: 9947151348