ആലപ്പുഴ: യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് 34 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ലഭിച്ചു.  പുന്നപ്ര തെക്ക് പഞ്ചായത്ത് വെളിത്തറ പണിക്കർവേലി വീട്ടിൽ നജ്മലിനെ (25)യാണ് ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോര്‍ട്ട് ജഡ്ജ് പി എന്‍ സീത ശിക്ഷിച്ചത്.  

2011 ന് ജനുവരി നാലിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ഭവനഭേദനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗ ശ്രമം, സ്വര്‍ണാഭരണ മോഷണം, പ്രതിയുടെ ശരീരത്തെ മുറിവുകള്‍, ആയുധം കൊണ്ടുള്ള ഉപദ്രവിക്കല്‍, പിടിച്ചുപറി, എന്നിവ വിചാരണ വേളയില്‍ കോടതി പരിഗണിച്ചിരുന്നു. 

മൂന്ന് മാസം കൊണ്ടാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. ഈ സമയത്ത് ഒന്നുമുതല്‍ മുതല്‍ 20 സാക്ഷികളെയും ഒന്ന് മുതല്‍ 40 വരെ പ്രമാണങ്ങളും പൊലീസ് ശേഖരിച്ച ഒന്ന് മുതല്‍ ആറ് വരെയള്ള തൊണ്ടികളും കോടതി വിചാരണ വേളയില്‍ പരിശോധിച്ചു. 

ആലപ്പുഴ സൗത്ത് സിഐ ഷാജിമോന്‍ ജോസഫ് ആണ് കേസ് അന്വേഷിച്ചത്. പിഴയായ 1.20 ലക്ഷം രൂപ ക്രൂരകൃത്യത്തിന് ഇരയായ യുവതിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. പബ്ലിക്ക് പ്രോസിക്യൂട്ടറായ പിപി ഗീത, പി പി ബൈജു എന്നിവര്‍ ഹാജരായി.  ജാക്വിലിന്‍ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലും റിമാന്‍ഡ് പ്രതിയാണ് നജ്മല്‍. ഇതിന്റെ വിചാരണ പുരോഗമിച്ചുവരുകയാണ്.