Asianet News MalayalamAsianet News Malayalam

അശ്ലീല ചുവയുള്ള സംസാരം എതിര്‍ത്ത വീട്ടമ്മയെ വെട്ടിക്കൊന്നു; ഏഴ് വര്‍ഷത്തിന് ശേഷം പ്രതിക്ക് ജീവപര്യന്തം

സംഭവ ദിവസം പ്രദീപ്കുമാർ സരസമ്മയുടെ വീട്ടിലെത്തി പതിവ് രീതിയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ സരസമ്മ എതിർത്തു. ഈ സമയം പ്രദീപ്കുമാർ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി.

Man Sentenced To Life Imprisonment for killing woman in alappuzha
Author
Alappuzha, First Published Dec 13, 2021, 4:46 PM IST

ആലപ്പുഴ: അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയൽവാസിയായ വീട്ടമ്മയെ(House wife) വെട്ടി കൊലപ്പെടുത്തിയ(Murder) കേസില്‍ ഏഴ് വര്‍ഷത്തിന് ശേഷം പ്രതിക്ക് ജീവപര്യന്തം(Lifetime Imprisonment) ശിക്ഷ. നീലംപേരൂർ ഒന്നാം വാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് ലപ്പുഴ ജില്ലാ അഡിഷണൽ സെഷൻസ് കോടതി - 3 ജഡ്ജ് പി എൻ സീത  കൈനടി അടിച്ചിറയിൽ പ്രദീപ്കുമാറിന് (46) 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. 

ജീവപര്യന്തം ശിക്ഷ കൂടാതെ  447-ാം വകുപ്പ് പ്രകാരം പ്രതി ഒരു വർഷം കഠിന തടവും അനുഭവിക്കണം. കൂടാതെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകൻ ഓമനക്കുട്ടൻ, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭർതൃസഹോദരൻ അനിയൻ എന്നിവർക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. 

2004 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാർ അശ്ലീല ചുവയോടെ സംസാരിക്കുന്നത് സരസമ്മ എതിർത്തിരുന്നു. സംഭവ ദിവസം പ്രദീപ്കുമാർ സരസമ്മയുടെ വീട്ടിലെത്തി പതിവ് രീതിയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ സരസമ്മ എതിർത്തു. ഈ സമയം പ്രദീപ്കുമാർ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി പരിക്കേൽപിക്കുകയായിരിന്നു. അപ്പോൾ വീട്ടിലുണ്ടായിരുന്ന മകൻ എതിർക്കാൻ ശ്രമിച്ചപ്പോൾ മകനെ ഒന്നും ചെയ്യരുതെയെന്ന് പറഞ്ഞ് സരസമ്മ ഇടക്ക് കയറി. 

ഇതോടെ പ്രതി വീണ്ടും സരസമ്മയെ വെട്ടി. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും അന്ന് തന്നെ മരിക്കുകയായിരുന്നു. കൈനടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും 4 തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി പി ഗീത ഹാജരായി.

Follow Us:
Download App:
  • android
  • ios