ആലപ്പുഴ: അമ്പലപ്പുഴയില്‍ മോബൈല്‍ ഷോപ്പില്‍ മോഷണം. അമ്പലപ്പുഴ പ്ലാക്കുടി ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന ഷംനാദിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ പ്ലസ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ എന്ന വ്യാജേന കടയില്‍ എത്തിയ ആളാണ് കടയില്‍ നിന്ന് മൊബൈലുമായി കടന്ന് കളഞ്ഞത്. 

ഇയാള്‍ സ്വന്തം മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇവിടെ നല്‍കിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് ഇത് തിരിച്ച് വാങ്ങാന്‍ എത്തിയ സമയത്താണ് വിദഗ്ധമായി മോഷണം നടത്തിയത്. കടയുടമ അമ്പലപ്പുഴ പൊലിസില്‍ പരാതി നല്‍കി. ഇയാള്‍ മറ്റൊരാളില്‍ നിന്നും മൊബൈല്‍ കവര്‍ന്നതായി പോലിസില്‍ പരാതി ലഭിച്ചു. കടയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.