കല്‍പ്പറ്റ: കൊവിഡ്-19 ഹോട്ട് സ്‌പോട്ട് ആയി കേന്ദ്രവും സംസ്ഥാനവും വിലയിരുത്തിയ കാസര്‍കോട് ജില്ലയില്‍ നിന്നും കാല്‍നടയായി വയനാട്ടിലെത്തിയ ആളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തോണിച്ചാല്‍ പള്ളിക്കല്‍ റോഡില്‍ രാത്രി പരിശോധനയ്ക്കിടയിലാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. 

മാനന്തവാടി സ്റ്റേഷനിലെ എഎസ്ഐ സി.കെ. രവി, ഡ്രൈവര്‍ കെ. ഇബ്രാഹിം എന്നിവര്‍ പ്ട്രോളിങ്ങിനിടെ ഒരാള്‍ നടന്നുവരുന്നത് കണ്ടത്. അടുത്തെത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മീനങ്ങാടിയിലെ ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് കാസര്‍കോട് നിന്ന് വരികയാണെന്ന വിവരം ലഭിച്ചത്. 

കൊല്ലം സ്വദേശിയായ ഇയാള്‍ കാസര്‍കോട്ടെ ബന്ധുവീട്ടിലായിരുന്നു. അവിടെ നിന്നാണ് മീനങ്ങാടിയിലെ ബന്ധുവീട്ടിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. മൂന്നുദിവസം കൊണ്ടാണ് ഇയാള്‍ കാസര്‍കോട് നിന്ന് വയനാട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. 

ഒരുദിവസം രാത്രി ഇരിട്ടിയില്‍ കഴിഞ്ഞു. തുടര്‍ന്ന് പകല്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ എത്തി. രാത്രി മീനങ്ങാടിയിലേക്ക് നടക്കവേ വഴിതെറ്റിയാണ് ഇയാള്‍ പള്ളിക്കല്‍ റോഡില്‍ എത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. വിവരമറിയിച്ചത് അനുസരിച്ച് മാനന്തവാടി ജില്ല ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തി ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.