രാവിലെ ഈ വഴി ജോലിക്ക് പോയ ആളുകളാണ് മരത്തിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്
ഇടുക്കി: ഇടുക്കി ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ടമൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഗണേശൻ തീറ്റ ശേഖരിക്കാൻ പോയത്. തേയിലത്തോട്ടത്തിലെ മരത്തിൽ നിന്നും ചില്ലകൾ വെട്ടുമ്പോൾ ഇതിലൊന്ന് വൈദ്യുതി ലൈനിലേക്ക് വീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് നിഗമനം. രാവിലെ ഈ വഴി ജോലിക്ക് പോയ ആളുകളാണ് മരത്തിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മറയൂർ പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു എന്നതാണ്. പരിക്കേറ്റ മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. കോഴിക്കോട് കോടഞ്ചേരി തമ്പലമണ്ണയിലാണ് അപകടം സംഭവിച്ചത്. മുക്കം സ്വദേശി ബാബു സക്കറിയ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജ്വല്ലറി ജീവനക്കാരനായ ബാബു സക്കറിയ ജോലി കഴിഞ്ഞ് ഭാര്യക്കൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ, പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ബാബുവിനെ ഉടനെ തന്നെ തിരുവമ്പാടിയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ബൈക്ക് എത്തുന്നതിന് തൊട്ടു മുമ്പാണ് വൈദ്യുതി ലൈൻ റോഡിൽ പൊട്ടി വീണതെന്നാണ് വ്യക്തമാകുന്നത്. രാത്രിയായതിനാൽ ബൈക്കിൽ ഇതുവഴി എത്തിയ ബാബു വൈദ്യുതി ലൈൻ റോഡിൽ പൊട്ടി വീണത് കണ്ടിരുന്നില്ല. ബൈക്കിൽ പോകുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈനിന്‍റെ ഒരു ഭാഗം തട്ടിയാണ് ഷോക്കേറ്റതെന്നാണ് വിവരം. ഇതിന് പിന്നാലെ നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് കെ എസ് ഇ ബി അധികൃതര്‍ ലൈൻ ഓഫ് ചെയ്തതോടെ വലിയ അപകടം ഒഴിവായി.
റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ഷോക്കേറ്റു
