സംഘര്‍ഷത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനും മുന്‍ നഗരസഭ ചെയര്‍മാനും മര്‍ദനമേറ്റു

തൃശൂര്‍: വാഹനങ്ങള്‍ക്ക് തടസമായി റോഡില്‍ കിടന്നിരുന്ന കാര്‍ മാറ്റാന്‍ പറഞ്ഞതിന് എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളെ അസഭ്യം പറഞ്ഞ് കൈയേറ്റംചെയ്ത യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി പട്ടിക്കര അമ്പലത്ത് വീട്ടില്‍ ഫിറോസ് മന്‍സില്‍ മുഹമ്മദ് റെയിസി (20) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 11.30ന് കുന്നംകുളം മുനിസിപ്പാലിറ്റിക്ക് മുന്‍വശമുള്ള ശിവക്ഷേത്രം റോഡില്‍ സ്വകാര്യ ഡോക്ടറുടെ ക്ലിനിക്കിനു മുമ്പില്‍ വച്ചാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. സി പി എം. ഏരിയാ കമ്മിറ്റി ഓഫീസില്‍ സര്‍ക്കാരിന്റെ മണ്ഡലം സദസുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിളിച്ചുച്ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനാണ് എസി മൊയ്തീന്‍ എംഎല്‍എയും മറ്റ് ജനപ്രതിനിധികളും വന്നിരുന്നത്.

ഈ സമയം റോഡരികിലെ സ്വകാര്യ ക്ലിനിക്കില്‍ വീട്ടുകാരെ ഡോക്ടറെ കാണാന്‍ വിട്ടശേഷം കാര്‍ റോഡില്‍ നിര്‍ത്തിയിട്ട് യുവാവ് കാറില്‍ തന്നെ ഇരിക്കുകയായിരുന്നു. മറ്റു വാഹനങ്ങള്‍ക്ക് പോകാന്‍ തടസമായ രീതിയിലാണ് കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്നത്. ഈ സമയത്താണ് എസി മൊയ്തീന്‍ എംഎല്‍എ. കാറില്‍ പാര്‍ട്ടി ഓഫീസിലേക്ക് വന്നിരുന്നത്. എംഎല്‍എയുടെ വാഹനത്തിന് പോകാന്‍ തടസമായി കിടന്നിരുന്ന കാര്‍ മാറ്റാന്‍ ഹോണ്‍ അടിച്ചെങ്കിലും കാര്‍ മാറ്റിയിടാത്ത സാഹചര്യത്തില്‍ എംഎല്‍എ നേരിട്ട് കാറില്‍ നിന്നിറങ്ങി യുവാവിനോട് കാറ് മാറ്റിയിടുവാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് എംഎല്‍എയോട് കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ആയിരുന്നു എന്നാണ് ആരോപണം.

പിറകെ വന്നിരുന്ന കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പിഐ. രാജേന്ദ്രനും സഹകരണ ബാങ്ക് പ്രസിഡന്റ് മോഹനനും കടുത്ത ഭാഷയില്‍ യുവാവിനോട് കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് ഇവരുമായി തര്‍ക്കിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്റെ ഷര്‍ട്ടിനു പിടിച്ച് തള്ളുകയും ചെയ്തു. ഇതിനിടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ വന്നിരുന്നു. ബഹളം കേട്ട് പിറകെ വന്നിരുന്ന കുന്നംകുളം നഗരസഭാ മുന്‍ ചെയര്‍മാന്‍ പിജി ജയപ്രകാശ് യുവാവിനോട് വണ്ടി മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ തര്‍ക്കിച്ചു നിന്നിരുന്ന യുവാവ് വാക്കേറ്റത്തിനിടയില്‍ കാറിന്റെ താക്കോല്‍ കൂട്ടം കൊണ്ട് ജയപ്രകാശിന്റെ കണ്ണിനു താഴെ ഇടിച്ചു. 

Read more: ഇടിച്ചിട്ട സ്കൂട്ടറുമായി സ്വകാര്യ ബസ് മീറ്ററുകളോളം നീങ്ങി, തെറിച്ച് വീണ സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്

സംഭവമറിഞ്ഞ് കുന്നംകുളം സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തില്‍ പൊലീസ് വന്നെങ്കിലും കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുന്ന രീതിയിലാണ് യുവാവ് പെരുമാറിയത്. പിന്നീട് ഇയാളെ ബലമായി കീഴ്‌പ്പെടുത്തി കസ്റ്റഡില്‍ എടുക്കുകയായിരുന്നു. ഇതിനിടെ താന്‍ ഷുഗര്‍ പേഷ്യന്റാണന്ന് യുവാവ് വിളിച്ചു പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയ യുവാവിനെ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പിജി. ജയപ്രകാശിന്റെ പരാതിയിലാണ് പൊലീസ് യുവാവിനെതിരേ കേസെടുത്തത്. അതേസമയം, തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായും ഇതിൽ പരാതിയുമായി മുന്നോട്ടുപോകുമെന്നും കേസിൽ പ്രതിയായ റെയിസ് പറഞ്ഞു.