പാലക്കാട് സ്വദേശിയായ യുവാവ് എംഡിഎംഎയുമായി കൊച്ചിയിൽ പൊലീസ് പിടിയിൽ

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ വൻ രാസലഹരി വേട്ട. പാലക്കാട് സ്വദേശിയായ യുവാവിനെ 57 ഗ്രാമിലേറെ എംഡിഎംഎയുമായി പിടികൂടി. പാലക്കാട് ചെർപുളശേരി വാഴൂർ പാറക്കാടൻ വീട്ടിൽ അബ്‌ദുൾ മഹറൂഫ് (27) ആണ് പിടിയിലായത്. ഓണാഘോഷമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ വ്യാപകമായി ലഹരി ഇടപാട് നടക്കാൻ സാധ്യതയുള്ളത് മുൻനിർത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണർ കെഎ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചിസിറ്റി ഡാൻസാഫ് ടീം ചേരാനല്ലൂർ സൊസൈറ്റിപടി ഭാഗത്ത് നടത്തിയ പരിശോധന നടത്തിയിരുന്നു. ഇവിടെ വച്ചാണ് 57.0627 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. കൊച്ചിയിൽ തൻ്റെ ഇടപാടുകാർക്ക് വിൽക്കാനായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇയാളിൽ നിന്ന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യന്റെ നിർദ്ദേശപ്രകാരം, ഡിസിപിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ ശക്തമായ പരിശോധനകളാണ് കൊച്ചി സിറ്റി പരിധിയിൽ നടന്നു വരുന്നതെന്ന് പൊലീസ് അറിയിച്ചു.

YouTube video player